X
    Categories: Newsworld

ഒരു വര്‍ഷം ഫ്രീസറില്‍ വെച്ച ന്യൂഡില്‍സ് കഴിച്ചു; കുടുംബത്തിലെ 9 പേര്‍ മരിച്ചു

ബെയ്ജിങ്: ഫ്രീസറില്‍ വെച്ച ന്യൂഡില്‍സ് കഴിച്ച ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു. ഒരു വര്‍ഷത്തിലധികമായി ഫ്രീസറില്‍ വെച്ച ന്യൂഡില്‍സാണ് കുടുംബം കഴിച്ചത്്. വടക്കുകിഴക്കന്‍ ചൈനയിലെ ഹെയ്‌ലോങ്ജാങ് പ്രവിശ്യയിലാണ് സംഭവം. ന്യൂഡില്‍ സൂപ്പ് കഴിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അവസാനത്തെ മൂന്ന് പേരും മരണത്തിന് കീഴടങ്ങിയതായാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പുളിപ്പിച്ച ചോള മാവ് അടങ്ങിയ ന്യൂഡില്‍ സൂപ്പില്‍ ‘ബോണ്‍ഗ്രെക്കിക്ക്’ ആസിഡിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അതാണ മരണത്തിന് ഇടയാക്കിയതന്നുമാണ് ആരോഗ്യ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. സുവാന്‍ടാഗ്‌സി എന്ന പ്രാദേശിക ന്യൂഡില്‍ വിഭവമാണ് ഈ കുടുംബം കഴിച്ചത്.

സംഭവത്തെ തുടര്‍ന്ന് പ്രാദേശിക ആരോഗ്യ ഏജന്‍സി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമമായ ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. ബാക്ടീരിയം സ്യൂഡോമോണസ് കോക്കോവെനാനന്‍സ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ബോണ്‍ഗ്രെക്കിക് ആസിഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം ന്യൂഡില്‍സില്‍ നിന്നും മരിച്ചവരുടെ വയറ്റില്‍ നിന്നും കണ്ടെത്തിയതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വിഷപദാര്‍ഥമാണ് ബോണ്‍ഗ്രെക്കിക് ആസിഡ്.

അതേസമയം, ഈ ഭക്ഷ്യദുരന്തം സംഭവിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ പരിശോധന തുടരുകയാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പുളിപ്പിച്ച അരിയും മറ്റു ധാന്യങ്ങളും ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളില്‍ നിന്ന് ഏറ്റവുമധികം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത് ബോണ്‍ഗ്രെക്കിക് ആസിഡാണ്. ഉയര്‍ന്ന ചൂടില്‍ പോലും നശിക്കാത്ത ഈ രാസവസ്തുവിന്റെ സാന്നിധ്യം ഭക്ഷണം പാചകം ചെയ്താലും ഇല്ലാതാകില്ല. കൊടുംവിഷമായ ബോണ്‍ഗ്രെക്കിക് ആസിഡിനെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകളില്ലെന്നും വളരെ ഉയര്‍ന്ന മരണസാധ്യതയുണ്ടെന്നുമാണ് ഹെയ്‌ലോങ്ജാങ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഗാവോ ഫെയെ ഉദ്ധരിച്ച് യുകെ മാധ്യമമായ ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ രാസവസ്തു അടങ്ങിയ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. വയറുവേദന, അമിതമായി വിയര്‍ക്കുക, തളര്‍ച്ച എന്നിങ്ങനെ തുടങ്ങുന്ന രോഗലക്ഷണങ്ങള്‍ കോമയിലെത്തുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്യാം. 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘കരള്‍, വൃക്കകള്‍, ഹൃദയം, തലച്ചോര്‍ എന്നിങ്ങനെ വിവിധ അവയവങ്ങളെ ഗുരുതരമായി ഇത് ബാധിക്കും.’ ഗാവോ ഫെയ് ചൈനീസ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

അതേസമയം, ന്യൂഡില്‍സിന്റെ രുചി ഇഷ്ടപ്പെടാതിരുന്നതിനാല്‍ കഴിക്കാതിരുന്ന മൂന്ന് കുട്ടികള്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ട്.

chandrika: