X

ആണവക്കരാര്‍: അമേരിക്കക്ക് പകരം ചൈന; തന്ത്രപരമായ നീക്കത്തിലൂടെ ട്രംപിനെ ഞെട്ടിച്ച് റൂഹാനി

ടെഹറാന്‍: ആണവക്കരാറില്‍ നിന്നും പിന്മാറിയ അമേരിക്കക്ക് പകരം ചൈനയെ ഭാഗമാക്കാന്‍ ഇറാന്റെ നയതന്ത്ര നീക്കം. ഇറാനുമേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധം ശക്തമായി ചെറുത്തു തോല്‍പ്പിക്കാനാണ് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുടെ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന ആണവക്കരാറില്‍ ഇറാനുമായി സഹകരിക്കാമെന്ന് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇതോടെ അമേരിക്കയുടെ ഉപരോധം എത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയണം.

അമേരിക്കയുടെ മുഖ്യ എതിരാളിയായ അറിയപ്പെടുന്ന ചൈനയെ ഒപ്പം കൂട്ടാനായാല്‍ തങ്ങള്‍ക്കുമേലുള്ള ഉപരോധം അനായാസം മറികടക്കാനാകുമെന്നാണ് ഇറാന്റെ കണക്കുകൂട്ടല്‍. ചൈനയുടെ പിന്തുണ അമേരിക്കക്ക് തലവേദനയാകുമെന്നുറപ്പാണ്. ആണവ കരാര്‍ വിഷയത്തില്‍ ഇറാനെ ഒറ്റപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് റൂഹാനി പരമാവധി പ്രചരിപ്പിക്കുന്നുണ്ട്. ഇതുവഴി മറ്റ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കലാണ് ലക്ഷ്യം.

ആണവക്കരാര്‍ വിജയകരമായി കൊണ്ടുപോകണമെങ്കില്‍ ചൈനയുടെ സഹകരണം ആവശ്യമാണെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് പറഞ്ഞിരുന്നു. അതേസമയം, അമേരിക്ക പറയുന്നത് പോലെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയ ചൈന ഇറാന് തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുക്കുകയാണ്.

ഇറാനെതിരായ ഉപരോധത്തെ കുറിച്ച് ബോധ്യപ്പെടുത്താനായി അമേരിക്കന്‍ സംഘം ചൈനയിലെത്തിയിരുന്നു. നവംബര്‍ നാലിന് മുമ്പ് ഇറാനില്‍ നിന്നുള്ള എണ്ണയുടെ കയറ്റുമതി അവസാനിപ്പിക്കണമെന്നായിരുന്നു അഭ്യര്‍ഥന. എന്നാല്‍ ഇത്രയും കുറഞ്ഞ സമയം കൊണ്ട് അതൊന്നും നടക്കില്ലെന്നും ഇറാനുമായി നല്ല ബന്ധമാണുള്ളതെന്നും ഷീ ജിന്‍ പിങ് വ്യക്തമാക്കിയിരുന്നു.

ആഗോള സാമ്പത്തിക മേഖലയില്‍ അമേരിക്കയ്ക്കുള്ള സ്വാധീനം കുറഞ്ഞുവരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളും സഖ്യകക്ഷികളോടുള്ള മോശം പെരുമാറ്റവുമാണ് അമേരിക്കക്ക് തിരിച്ചടിയായത്. എന്നാല്‍ ചൈന ഇത് നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇത് അനുകൂലമായി മാറ്റാനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നത്.

നേരത്തെ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും അമേരിക്കയുടെ ഇറാനുമേലുള്ള ഉപരോധം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആണവ കരാറില്‍ നിന്നും പിന്‍മാറിയതിനു പിന്നാലെ ഇറാനില്‍ നിന്നും എണ്ണ വ്യപാരം നിര്‍ത്തണമെന്ന് അമേരിക്ക മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ നിര്‍ദേശം തള്ളിയാല്‍ അതിന്റെ അനന്തര ഫലം വലുതാകുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ചൈനയുടെയും പിന്തുണ ഇറാനു ലഭിക്കുന്നതോടെ ഉപരോധം എത്രനാള്‍ അമേരിക്കക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന് കണ്ടറിയണം.

chandrika: