X
    Categories: MoreViews

ആണവകരാര്‍: യു.എസ് വിട്ടാലും തരണം ചെയ്യുമെന്ന് ഇറാന്‍

 

വാഷിങ്ടണ്‍: ആണവകരാര്‍ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി.
വരും മാസങ്ങളില്‍ ഉണ്ടാകുന്ന ഏത് പ്രശ്‌നങ്ങളെയും രാജ്യം നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെഹ്‌റാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവകരാര്‍ റദ്ദാക്കിക്കൊണ്ട് ട്രംപില്‍നിന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയോടൊപ്പം ഇറാനുമായി ആണവ കരാറില്‍ ഒപ്പുവെച്ച ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളെല്ലാം തീരുമാനം മാറ്റാന്‍ ട്രംപിനുമേല്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സനും വാഷിങ്ടണില്‍ നേരിട്ടെത്തി കരാറില്‍നിന്ന് പിന്മാറരുതെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. കരാര്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തെ നേരിടാന്‍ ഇറാനും ഒരുങ്ങിക്കഴിഞ്ഞു.
പരമോന്നത നേതാവിനു കീഴില്‍ ഇസ്്‌ലാമിക വിപ്ലവത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നതിന് രാജ്യം ഒന്നിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി പറഞ്ഞു. ആണവ കരാര്‍ തങ്ങളുടെ കൈയില്‍നിന്ന് നഷ്ടപ്പെടുമെന്ന് ഇറാന് വ്യക്തമായ ബോധ്യമുണ്ടെന്നാണ് നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. അമേരിക്ക പിന്മാറിയാലും യൂറോപ്പ്, റഷ്യ, ചൈന എന്നിവരോടൊപ്പം കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് റൂഹാനി പ്രഖ്യാപിച്ചിട്ടുണ്ട്. 2015ല്‍ വിയന്നയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇറാന്‍ ആണവ പദ്ധതികള്‍ മരവിപ്പിച്ചതിനുപകരം അന്താരാഷ്ട്ര ഉപരോധം പിന്‍വലിച്ചിരിക്കുകയാണ്.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്താണ് അമേരിക്ക കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

chandrika: