ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയേയും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനേയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍ നിന്നും ഉണ്ടായത്.
പിന്നീട് അതു സംബന്ധിച്ച് ഒരു ചര്‍ച്ചക്കോ കൂടിക്കാഴ്ച്ചക്കോ എന്‍.എസ്.എസ് ശ്രമിച്ചിട്ടില്ല. അതിന് ആഗ്രഹവുമില്ല. അതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടേയും ഔദാര്യമല്ല.
വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്.എസ് വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എന്‍.എസ്.എസുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.