ഹാദിയ കേസില്‍ വീണ്ടും പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മതംമാറ്റ വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് എന്‍.എസ് മാധവന്‍ പറഞ്ഞു. ഒരാള്‍ തീവ്രവാദിയെ കല്യാണം കഴിച്ചോ, അല്ലയോ എന്നത് ഇത്തരം സംഭവങ്ങളില്‍ പ്രസക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാദിയ വിഷയത്തില്‍ മാതാപിതാക്കളുടെ ദു:ഖവും വിഷമവും കാണേണ്ടത് തന്നെയാണ്. സംഭവത്തിന്റെ പിന്നാമ്പുറത്ത് നടക്കുന്ന കാര്യങ്ങള്‍ മുഴുവനായി മനസ്സിലാക്കാന്‍ പറ്റുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പിറകില്‍ ആരൊക്കെയോ നിന്നുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ മറ്റാരോ പറയിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്. കോടതിയില്‍ കേസ് തങ്ങള്‍ക്കനുകൂലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാദിയ വിഷയം ഒരു പ്രണയമെന്ന രീതിയിലല്ല കാണേണ്ടത്. ഇവിടെ ഹാദിയയും ഷെഫിന്‍ ജഹാനും ഭാര്യാഭര്‍ത്താക്കന്‍മാരാണ്. ഭര്‍ത്താവ് തീവ്രവാദിയാണോ എന്ന് കോടതി പിന്നീട് കണ്ടെത്തണം. ഒരു തീവ്രവാദിയെ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് പറയാനാവില്ല. ഗോഡ്‌സേ കല്യാണം കഴിച്ച ആളായിരുന്നു. ഹാദിയ വിളിച്ചുപറയുന്ന കാര്യങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ആള്‍ക്കൂട്ടത്തിന് മുന്നിലും കോടതിക്കുമുന്നിലും പറയാനുള്ള തന്റെ നിലപാട് വിളിച്ചുപറഞ്ഞ ഹാദിയ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് യുവാക്കള്‍ക്ക് മാതൃകയാണ്. അതിനാലാണ് നേരത്തെ ഹാദിയയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയില്‍ ഹാദിയ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഹാദിയയുടെ മാതാപിതാക്കള്‍ അഭിമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തില്‍ ധൈര്യമുള്ള മകളെ വളര്‍ത്തിയ ഹാദിയയുടെ മാതാപിതാക്കള്‍ അഭിമാനിക്കണമെന്നായിരുന്നു എന്‍.എസ് മാധവന്റെ ട്വീറ്റ്.