X

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പം ഇടപാട് നടത്താം; ഖത്തറിലും യുപിഐ സേവനം

പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള ഖത്തറിലും ഇനി യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ രാജ്യാന്തര മുഖമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് ഖത്തര്‍ നാഷണല്‍ ബാങ്കുമായി കരാര്‍ ഒപ്പിട്ടു. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വലിയ ധനകാര്യ സ്ഥാപനമാണ് ക്യൂഎന്‍ബി. ക്യൂആര്‍ കോഡ് അധിഷ്ഠിത യുപിഐ പേയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ക്യൂഎന്‍ബി മര്‍ച്ചന്റ് നെറ്റ്വര്‍ക്ക് വഴി ഖത്തറില്‍ യുപിഐ പേയ്മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തറിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യും.

ഖത്തറില്‍ യുപിഐ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് രാജ്യം സന്ദര്‍ശിക്കുന്ന ധാരാളം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ചീഫ് അനുഭവ് ശര്‍മ്മ പറഞ്ഞു. അവരുടെ ഇടപാടുകള്‍ ലഘൂകരിക്കാനും ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെയുള്ള വിദേശ യാത്രാ അനുഭവം ഇത് പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

webdesk13: