ഗുവാഹതി: അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചോദ്യം പട്ടികയില്‍ പെടാത്ത 19 ലക്ഷം ആളുകളെ എന്ത് ചെയ്യുമെന്നായിരുന്നു. ഇത്രയും ആളുകളെ ഒന്നും ചെയ്യാനാവില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനിടയില്ലെന്നും ആശ്വസിച്ചവരുമുണ്ടായിരുന്നു. എന്നാല്‍ പൗരത്വ രജിസ്റ്ററില്‍ പെടാത്തവരുടെ ഭാവിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇവര്‍ക്കായി അസമിലെ ഗോല്‍പാറയില്‍ പണി പൂര്‍ത്തിയാക്കുന്നത് കൂറ്റന്‍ തടങ്കല്‍ പാളയമാണ്. അസമിലെ 11 ജില്ലകളില്‍ പണി പൂര്‍ത്തിയാവുന്ന ഇത്തരം ക്യാമ്പുകളില്‍ ഓരോന്നിലും 1000 മുതല്‍ 3000 പേരെ തടവിലാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരാള്‍ക്ക് കിടക്കാന്‍ ഒന്നരയടി വീതി. ഒരു സെല്ലില്‍ 50 പേര്‍. പുറം ലോകം കാണാനാവാത്ത വിധം 20 അടി പൊക്കമുള്ള ചുറ്റുമതില്‍. സ്ത്രീകള്‍ക്കുള്ള സെല്ലുകള്‍ പ്രത്യേകം വേര്‍തിരിച്ച മതില്‍കെട്ടിനകത്തായിരിക്കും.
മനുഷ്യത്വത്തിന്റെ നേരിയ കണിക പോലും കാണാനില്ലാത്ത ഈ തടങ്കല്‍ പാളയങ്ങള്‍ക്കകത്ത് എത്തിപ്പെടുന്നവര്‍ക്ക് ജീവിതകാലത്തൊരിക്കലും സ്വന്തം കുടുംബത്തെപ്പോലും കാണാന്‍ അവസരമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 1000 കോടി ബജറ്റില്‍ ബാര്‍പേട്ട, ദിമാ, ഹസൗ, കാംരൂപ്, കരംഗഞ്ച്, ലഖിംപൂര്‍ തുടങ്ങിയ 11 ജില്ലകളിലാണ് ക്യാമ്പുകളുടെ പണി പൂര്‍ത്തിയാവുന്നത്. ഇക്കൂട്ടത്തില്‍ 3000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഏറ്റവും വലിയ തടങ്കല്‍പാളയമാണ് ഗോല്‍പാറയിലേത്. 19 ലക്ഷത്തിലധികം പേര്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ അസമില്‍ സര്‍ക്കാര്‍ കണക്കുകളനുസരിച്ച് തന്നെ ഈ 11 ക്യാമ്പുകളില്‍ പരമാവധി താമസിപ്പിക്കാനാവുക 30,000 പേരെയാണ്. ശേഷിച്ചവരെ അസമിലെയും കേന്ദ്രത്തിലെയും സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന ചോദ്യവും ഈ തടങ്കല്‍ പാളയങ്ങള്‍ ബാക്കിയാക്കുന്നുണ്ട്.