സഫാരി സൈനുല്‍ ആബിദീന്‍
നാടു നടങ്ങിയ ഒരു ദുരന്തത്തിന്റെ നടുങ്ങുന്ന ഓര്‍മ്മകളില്‍ നിന്നും നാം ഇപ്പോഴും മുക്തരായിട്ടില്ല. അടുത്ത കാലത്ത് നമ്മള്‍ കണ്ടതും കേട്ടതുമായ വേദകളില്‍ ഏറ്റവും ആഴത്തില്‍ നമ്മെ മുറിപ്പെടുത്തിയ പ്രകൃതിക്ഷോഭമായിരുന്നു വയനാട് മുണ്ടക്കൈ ചൂരല്‍മല ഗ്രാമങ്ങളിലേത്. പരിസ്ഥിതി ലോല പ്രദേശങ്ങളായ നമ്മുടെ നാട്ടില്‍ ഇനിയെങ്കിലും പ്രകൃതിയെ മനസ്സിലാക്കിക്കൊണ്ടുള്ള, വികസനവും പുരോഗതിയുമാണ് നടക്കേണ്ടത്. അതിജീവിതരെ അതിവേഗം തന്നെ സാധാരണജീവിത നിലയിലേക്ക് എത്തിക്കേണ്ടതുണ്ട്. നാളുകള്‍ കഴിയുന്തോറും ദുരന്തത്തെ കുറിച്ചും ദുരിതബാധിതരെ കുറിച്ചുമുള്ള ഓര്‍മ്മകളും മാഞ്ഞു പോയേക്കാം. ചാനലുകളിലും വാര്‍ത്തകളിലും അവര്‍ മാഞ്ഞു പോയേക്കാം. എന്നാല്‍ ഈ ഘട്ടത്തിലാണ് നാം ശരിക്കും അവരെ ചേര്‍ത്തു പിടിക്കാന്‍ തുടങ്ങേണ്ടത്.
രണ്ടു ഗ്രാമങ്ങളെ ഒന്നാകെ ബാധിച്ചിരിക്കുന്ന ഈ ദുരന്തത്തില്‍ അകപ്പെട്ടവരെ സംരക്ഷിക്കുന്നതിനായി ലോകാടിസ്ഥനത്തില്‍ തന്നെ, ഇതുവരെ ഉണ്ടായിരിക്കുന്ന ഏറ്റവും മികച്ച പുനരിധിവാസ ടൗണ്‍ഷിപ്പ് മാതൃകകളെ നാം പിന്തുടരേണ്ടതുണ്ട്. കാരണം മറ്റെല്ലാ നാടുകളില്‍ നിന്നും വിത്യസ്തമായി കേരളത്തില്‍ സര്‍ക്കാരിതര സന്നദ്ധ സംഘടനകളും വ്യക്തികളും പോലും മുണ്ടക്കൈയിലെ ഇരകള്‍ക്കായി വലിയ പുനരിധിവാസ പദ്ധതികളും ശ്രമങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അര്‍ഹാരയവരെ ഒഴിഞ്ഞു പോവാതെയും ഏറ്റവും സമഗ്രവുമായ പുനരിധിവാസ പദ്ധതികള്‍ക്കാണ് സര്‍ക്കാരായാലും മറ്റു സന്നദ്ധ സംഘടനകളായാലും ഈ ഘട്ടത്തില്‍ പ്രധാന്യം നല്‍കേണ്ടത്.
ഈ ദുരന്തത്തില്‍ ഒരു താല്‍ക്കാലിക സമാശ്വാസ പ്രവര്‍ത്തനങ്ങളല്ല ആ നാടും നാട്ടുകാരും ആഗ്രഹിക്കുന്നതും നാം അവര്‍ക്കു നല്‍കേണ്ടതും. വിശാലമായ കാഴ്ച്ചപ്പാടോടു കൂടിയുള്ള, കഴിഞ്ഞ കാലങ്ങളിലൊക്കെ നാം നിരവധി പ്രകൃതി ദുരന്തങ്ങളെയും പ്രശ്‌നങ്ങളെയും നേരിട്ടുണ്ട്. നിരവധി പ്രതിസന്ധിഘട്ടങ്ങളെയും അഭ്മുഖീകരിച്ചിട്ടുണ്ട്. എന്നാല്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ പെട്ടവരെ അതുപോലെ കണ്ടാല്‍ മതിയാകില്ല. അവര്‍ സന്തോഷത്തിലും ആഹ്ലാദത്തിലും കഴിഞ്ഞു കൂടിയവരായിരുന്നു. സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുകയും അതന്റെ സാക്ഷാത്കാരത്തിനായി രാപ്പകലുകള്‍ അധ്വാനിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ കുടുംബത്തോടൊപ്പം അടുത്ത പുലരിയെയും കാത്ത് കിടന്നവരായിരുന്നു.
അടുത്ത ദിവസം സ്‌കൂളിലും മദ്രസയിലും പോകാന്‍ വേണ്ടി പുസ്തകങ്ങള്‍ അടുക്കി വെച്ച് നിദ്രയുടെ സ്വപ്‌നങ്ങളിലേക്ക് വീണവരായിരുന്നു. അവരെയാണ് ഒരൊറ്റ രാത്രിയിലെ മണിക്കൂറുകള്‍ മാത്രം നീണ്ട പ്രകൃതിയുടെ താണ്ഡവം എല്ലാം നഷ്ടപ്പെട്ടവരാക്കി മാറ്റിയത്. അവരുടെ നാടാണ് ഒരൊറ്റ ദിവസം കൊണ്ട് മേല്‍വിലാസം പറയാന്‍ പോലും ബാക്കിയില്ലാത്ത വിധം ഇല്ലാതായിപ്പോയത്. അവര്‍ക്ക് വേണ്ടി നാടിന്റെ നാനാദിക്കില്‍ നിന്നുമുള്ള സുമനസ്‌കരുടെ സഹായങ്ങള്‍, വീടുകളായും സാമ്പത്തിക സഹായങ്ങളായും മറ്റു പിന്തുണകളായുമൊക്കെ വരുന്നുണ്ട്. അവരെ ചേര്‍ത്തു പിടിക്കാനും, ഹൃദയത്തിലേക്ക് ഇടം നല്‍കാനും ആഗ്രഹിക്കുന്നവരായി നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്. ഇവിടെ മുണ്ടക്കൈ പ്രദേശക്കാര്‍ക്ക് ഒരു ദുരിതാശ്വാസ പദ്ധതിയോ, സാഹയമോ, പിന്തുണയോ മാത്രം പേരാ. സാധാരണ പുനരധിവാസത്തിന്റെ കാഴ്ചക്കപ്പുറത്തേക്ക് ഈ പാവങ്ങളെ നാം ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. കാരണം, അവര്‍ക്കൊരു നല്ല ജീവിതമുണ്ടായിരുന്നു. അവര്‍ക്കൊരു നല്ല നാടും വീടും കുടുംബവുമുണ്ടായിരുന്നു. അതെല്ലാം നിമിഷാര്‍ദ്ധത്തില്‍ നഷ്ടപ്പെട്ടുപ്പോയിരിക്കുന്നു. ഇനിയം അവരെ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടപ്പെടുന്ന രീതിയില്‍ ചെറിയചെറിയ സൗകര്യങ്ങളുള്ള, പേരിനു മാത്രമായി ഒതുങ്ങുന്ന പുനരധിവാസത്തിലേക്ക് ഒതുക്കേണ്ടവരല്ല നമ്മുടെ സഹോദരങ്ങള്‍. അവര്‍ക്ക് ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും തങ്ങളുടെ ബാക്കിയായ കുടുംബങ്ങളോടൊപ്പം വിശാലമായ സ്വപ്‌നങ്ങളിലേക്ക് നടന്നു കയറാന്‍ കരുത്തു പകരുന്ന വിധത്തിലായിരിക്കണം നമ്മുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍. അടുത്തടുത്ത് ചെറിയ ചെറിയ വീടുകളുണ്ടാക്കി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നാം ശ്രമിച്ചാല്‍, ആ നാടിനത് ദീര്‍ഘകാലത്തേക്കുള്ള സമാശ്വാസം പകരുന്ന പദ്ധതിയാകില്ല. അവരുടെ വേദനകളെ വീണ്ടും വീണ്ടും കുത്തിനോവിക്കുന്ന തരത്തിലുള്ള സ്മാരകങ്ങള്‍ മാത്രമേ ആവുകയുള്ളൂ. അവരുടെ സ്വപ്‌നങ്ങളെ നമ്മുടെ പരിമിതികളിലേക്ക് ചുരുക്കിക്കൊണ്ടു വരികയല്ല നാം ചെയ്യേണ്ടത്, മറിച്ച് അവര്‍ കണ്ട അവരുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ നാം കൂടെ നില്‍ക്കുകയാണ് വേണ്ടത്.
വിദ്യഭ്യാസം, വിവാഹം, പുനരധിവാസം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ ശ്രദ്ധപതിപ്പിച്ചു കൊണ്ടായിരിക്കും നമ്മുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍. നല്ല വിദ്യഭ്യാസ സാധ്യതയുള്ള, ഉയര്‍ന്ന സ്വപ്‌നങ്ങള്‍ കണ്ടവരെ, കരിയറിന്റെ പ്രധാനപ്പെട്ട ഘട്ടത്തിന്റെ പൂര്‍ത്തീകരണം വരെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുമാറ് പിന്തുണ നല്‍കണം.
കുടുംബനാഥന്റെ തണലില്‍ ജീവിച്ചവരും, തൊഴിലെടുത്ത് കുടുംബത്തെ പോറ്റിയവരും, തങ്ങളുടെ സാഹചര്യത്തിന് ഇണങ്ങിയ തൊഴിലിനു പോയിക്കൊണ്ടിരിക്കുന്നവരുമായ നിരവധിപ്പേര്‍ അക്കൂട്ടത്തിലുണ്ടാകും. അവരുടെ സാഹചര്യങ്ങളും ജീവിതഗതിയും ആകെ മാറിയിരിക്കുന്ന ഒറ്റാ രാത്രി കൊണ്ട്. അവരെ നമുക്ക് നല്ല തൊഴിലുകള്‍ നല്‍കിയും അതിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കിയും സഹായിക്കേണ്ടതുണ്ട്. അന്തസ്സുള്ള തൊഴിലിലൂടെ, ഇനിയൊരു മനുഷ്യന്റെ മുന്നില്‍ കൈനീട്ടുന്ന സാഹചര്യം ഇല്ലാതാക്കും വിധമായിരിക്കണം അവരെ പിന്തുണക്കേണ്ടത്.
ജപ്പാനില്‍ 2015 മാര്‍ച്ചില്‍ സ്വീകരിച്ച സെന്‍ഡൈ ഫ്രെയിംവര്‍ക്കും, 2005-2015-ലെ ഹൈഗോ ഫ്രെയിംവര്‍ക്കും, പ്രകൃതിദുരന്ത സാധ്യതാ മേഖലകളില്‍ നിന്നുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇനിയൊരു മാതൃകാ ടൗണ്‍ഷിപ്പ് പണിയുമ്പോള്‍ ഇത്തരം ആഗോള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും നാം മുഖവിലക്കെടുക്കേണ്ടതുണ്ട്.