X

ഇനി തോന്നുന്ന പോലെ ഓട്ടോക്കൂലി വാങ്ങാൻ പറ്റില്ല; പൂട്ടിടാൻ എംവിഡി വരുന്നു

യാത്രക്കാരിൽ നിന്നും തോന്നുന്നതു പോലെ യാത്രാനിരക്ക് വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ എംവിഡി. സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ എംവിഡി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആർടിഒമാരോടും ജോയന്റ് ആർടിഒമാരോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഓട്ടോകളിൽ യാത്രാനിരക്ക് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം എംവിഡി നേരത്തെ പുറത്തിറക്കിയിരുന്നു.

ഇതിനുപുറമെയാണ് ഓട്ടോ സ്റ്റാൻഡുകളിലും ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനമായിരിക്കുന്നത്. യാത്രക്കാരെ നിരക്കിൻ്റെ പേരിൽ ഓട്ടോ ഡ്രൈവർമാർ വൻ തോതിൽ ചൂഷണം ചെയ്യുന്നതായി പരാതികൾ ഉയർന്നു വന്നതോടെയാണ് നിരക്കുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. 1.30 കിലോമീറ്റർ എന്ന കുറഞ്ഞ ദൂരത്തിന് ഈടാക്കാവുന്ന തുക 30 രൂപയാണ്. 26 കിലോമീറ്ററിന് 398 രൂപയും. ഈ വിവരങ്ങൾ ഓട്ടോ ഡ്രൈവർമാർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെട്ടു. ഇതിനുപുറമെ നിരക്ക് അധികമായി ഈടാക്കുകയാണെങ്കിൽ അതിന്റെ മാനദണ്ഡ വിവരങ്ങളും പട്ടികയിൽ ചേർക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

webdesk13: