X

ഇപ്പോള്‍ അവര്‍ അഭിഭാഷകരെ തേടി വന്നു, നാളെ നിങ്ങളെ തേടി വരാം, ഒന്നിച്ചു പോരാടണം: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിലെ ഇരകള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മഹ്മദൂദ് പ്രാച്ചയുടെ ഓഫീസില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇപ്പോള്‍ അഭിഭാഷകരെ തേടി വന്ന അവര്‍ ഏതു നിമിഷവും നമ്മളെ തേടി വരാമെന്നും ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

‘ആദ്യം അവര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ തേടിയെത്തി. പിന്നീട് വിദ്യാര്‍ത്ഥികളെ തേടിയെത്തി. പിന്നെ എത്തിയത് കര്‍ഷകരുടെ അടുത്താണ്. ഇപ്പോള്‍ അവര്‍ അഭിഭാഷരെ തേടി വരുന്നു. അടുത്തത്, അവര്‍ നിങ്ങളെ തേടി വരും. ഇതിനെ ജനാധിപത്യം എന്നു വിളിക്കാവോ? ഇതിനെതിരെ ഒന്നിച്ചു പോരാടേണ്ടതുണ്ട്’ – എന്നാണ് ഭൂഷണ്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.

നിയമപരമായി പ്രതിനിധാനം ചെയ്യാനുള്ള മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റമാണ് പ്രാചയുടെ ഓഫീസിലെ റെയ്‌ഡെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് പ്രതികരിച്ചു.

ഡല്‍ഹി പൊലീസിലെ സ്പെഷല്‍ സെല്ലാണ് പ്രാചയുടെ ഓഫീസില്‍ റെയ്ഡിനെത്തിയത്. നിസാമുദ്ദീനിലെ ഓഫിസില്‍ ഉച്ചക്ക് 12.30ന് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്.

വ്യാജരേഖകള്‍ കണ്ടെത്താനായാണ് റെയ്ഡ് നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രാച്ചയുടെ ഓഫിസിലെ ലാപ്ടോപ്പുകളുടെയും ഇ-മെയിലിന്റെയും പാസ് വേഡുകള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് മഹ്മൂദ് പ്രാച്ചയും ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Test User: