സൗരദൗത്യത്തിന്റെ ഭാഗമായ ആദിത്യ എല്‍1 പേടകത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഐ.എസ്.ആര്‍.ഒയുടെ പുതിയ ദൗത്യങ്ങളെ കുറിച്ച് മനസുതുറന്ന് ചെയര്‍മാന്‍ എസ്. സോമനാഥ്. ശുക്രനിലേക്കുള്ള ദൗത്യത്തിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ചെയര്‍മാന്‍ വ്യക്തമാക്കി.
ശുക്രനില്‍ ഇറങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയാറാക്കുന്നുണ്ട്. വൈകാതെ ദൗത്യത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ പറഞ്ഞു. അമേരിക്കയുടെ നാസ പങ്കാളിത്തതോടെയുള്ള നാസ-ഇസ്‌റോ സിന്തറ്റിക് അപ്പാര്‍ച്ചര്‍ റഡാര്‍ (നിസാര്‍) വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയില്‍ നിസാര്‍ വിക്ഷേപണം നടക്കും. ജപ്പാന്‍ പങ്കാളിത്തതോടെയുള്ള ലുപെക്‌സ് ദൗത്യത്തിന് അനുമതിയായിട്ടില്ലെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എസ്. സോമനാഥ് പറഞ്ഞു.
ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യവും ചന്ദ്രനിലേക്കുള്ള നാലാം ദൗത്യവും ചര്‍ച്ചയിലാണ്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് (മൃദു ഇറക്കം) നടത്തിയതു പോലെ ചൊവ്വയിലും ഇറങ്ങുന്നതിനുള്ള ആലോചനയുണ്ടെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വ്യക്തമാക്കി.