X
    Categories: indiaNews

ഇനി ഖാര്‍ഗെ യുഗം; കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു.
എ.ഐ.സി.സി. ആസ്ഥാനത്ത് രാവിലെ 10.30-ന് തുടങ്ങിയ ചടങ്ങില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഖാര്‍ഗെയ്ക്ക് വിജയ സര്‍ട്ടിഫിക്കറ്റ് കൈമാറി. പിന്നാലെ സോണിയ ഗാന്ധിയില്‍ നിന്ന് അധികാരമേറ്റെടുത്തു.

24 വര്‍ഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷനാവുന്നത്.നിലവില്‍ രാജസ്ഥാനിലും ചത്തീസ്ഗഡിലും മാത്രം അധികാരത്തിലുള്ള പാര്‍ട്ടിയെ ഉടന്‍ വരുന്ന ഹിമാചല്‍, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്‍ക്ക് പ്രാപ്തമാക്കുക എന്ന ഭാരിച്ച ചുമതലയാണ് ഖാര്‍ഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി.

അടുത്ത മാസം 12നാണ് ഹിമാചല്‍ തിരഞ്ഞെടുപ്പ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയിതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം സ്വന്തം തട്ടകമായ കര്‍ണാടക ഉള്‍പ്പെടെ ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഖാര്‍ഗെയുടെ മുന്നിലുള്ളത്. പാര്‍ട്ടിയില്‍ നിന്നും അധികാര അസ്വാരസ്യങ്ങളുയര്‍ത്തി മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍ ഗുലാം നബി ആസാദ് തുടങ്ങിയവര്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കൂടിയാണ് ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തുന്നത്. അഞ്ചു പതിറ്റാണ്ടിലേറെ പാര്‍ട്ടി രംഗത്തെ പ്രവര്‍ത്തന പരിചയമുള്ള ഖാര്‍ഗെ എസ് നിജലിംഗപ്പക്കു ശേഷം കര്‍ണാടകയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷനാവുന്നയാളും ജഗ്ജീവന്‍ റാമിനു ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തുന്ന ദളിത് നേതാവുമാണ്.

Test User: