ദോഹ:ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പായി. ഏഷ്യയില്‍ നിന്ന് ഒരു ടീമു പോലും ക്വാര്‍ട്ടറിന് യോഗ്യത നേടിയില്ല. അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളും രണ്ട് ലാറ്റിനമേരിക്കന്‍ വമ്പന്‍മാരും ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയുമാണ് ഇത്തവണ അവസാന എട്ടിലെത്തിയത്. അട്ടിമറികള്‍ തുടര്‍ക്കഥയായ ലോകകപ്പില്‍ ഇനി ശേഷിക്കുന്നത് എട്ട് മത്സരം.
രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം വെള്ളിയാഴ്ചയാണ് ഇനി മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടും. രാത്രി 12.30ന് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടിര്‍.
ഈ മത്സരങ്ങളിലെ വിജയികള്‍ സെമിഫൈനലില്‍ നേര്‍ക്കുനേര്‍ വരും. ശനിയാഴ്ച രാത്രി 8.30 ന് മൊറോക്കോ- പോര്‍ച്ചുഗലിനെ നേരിടും. ശനിയാഴ്ച രാത്രി 12.30ന് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ക്വാര്‍ട്ടര്‍ കഴിഞ്ഞ് രണ്ട് ദിവസത്തെ ഇടവേളയ്്ക്ക് ശേഷം ലൂസേഴ്‌സ് ഫൈനല്‍ നടക്കും ഡിസംബര്‍ 18 ന് കലാശപ്പോരാട്ടം. ക്വാര്‍ട്ടറിലെത്തിയവരില്‍ ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ മുന്‍ ചാമ്പ്യന്മാരാണ്. മാറ്റ് നാല് ടീമുകള്‍ ആദ്യ കിരീടത്തിനായാണ് പോരിനിറങ്ങുന്നത്.
ക്രൊയേഷ്യ-ബ്രസീല്‍
ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കോയോടും ബെല്‍ജിയത്തോടും സമനിലയില്‍ പാലിക്കുകയും കനഡയെ 4-1ന് തകര്‍ക്കുകയും ചെയ്താണ് ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് തോല്‍പിച്ചാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയത്. ബ്രസീലാവട്ടെ സെര്‍ബിയയെ 2-0നും സ്വിറ്റ്‌സര്‍ലന്‍ഡിനെ 1-0നും തോല്‍പിക്കുകയും കാമറൂണിനോട് ഒരു ഗോളിന് തോല്‍ക്കുകയും ചെയ്തു. പ്രീക്വാര്‍ട്ടറില്‍ 4-1ന് കൊറിയയെ തകര്‍ത്താണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ്
സഊദി അറേബ്യയോട് 1-2ന് തോല്‍ക്കുകയും മെക്‌സിക്കോയോടും പോളണ്ടിനോടും 2-0ന് വിജയിക്കുകയും ചെയ്ത അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ 2-1ന് കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. നെതര്‍ലന്‍ഡ്‌സ് സെനഗലിനേയും ഖത്തറിനേയും 2-0നു തോല്‍പിക്കുകയും ഇക്വഡോറുമായി 1-1ന് സമനില പാലിക്കുകയും ചെയ്താണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. യു.എസ്.എയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്.
മൊറോക്കോ-പോര്‍ച്ചുഗല്‍
ക്രൊയേഷ്യയോട് ഗോള്‍ രഹിത സമനില, ബെല്‍ജിയത്തെ 2-0നും കനഡയെ 2-1നും കീഴടക്കി പ്രീക്വാര്‍ട്ടര്‍ പ്രവേശനം. കരുത്തരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് കീഴടക്കി ക്വാര്‍ട്ടറില്‍.ഘാനയോട് 3-2ന് വിജയിച്ച് തുടങ്ങിയ പോര്‍ച്ചുഗല്‍ യുറഗ്വായിയെ 2-0നും തോല്‍പിച്ചു. എന്നാല്‍ ദക്ഷിണ കൊറിയയോട് 1-2ന് തോറ്റു പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1ന് കീഴടക്കി ക്വാര്‍ട്ടറില്‍
ഇംഗ്ലണ്ട്-ഫ്രാന്‍സ്
ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനെ 6-2നും വെയില്‍സിനെ 3-0നും തോല്‍പിച്ചു. യു.എസ്.എയുമായി ഗോള്‍ രഹിത സമനില. പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് ക്വാര്‍ട്ടറില്‍. ഡെന്‍മാര്‍ക്കിനെ 2-1നും ഓസ്‌ട്രേലിയയെ 4-1നും ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പിച്ച ഫ്രാന്‍സ് തുണീഷ്യയോട് 1-0ന് തോറ്റു. പോളണ്ടിനെ 3-1നാണ് പ്രീ ക്വാര്‍ട്ടറില്‍ കീഴടക്കിയത്.