X

ഇനി മുഹമ്മദ് ബിന്‍ സായിദ്-റസാഖ് ഒരുമനയൂര്‍

യു.എ.ഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ലോകരാജ്യങ്ങള്‍ വരവേറ്റത്. യു.എ.ഇയുടെ നടപടിക്രമമനുസരിച്ചു സ്വാഭാവികമാണെങ്കിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പ്രസിഡണ്ട് പദവി രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഇനിയും വേഗം കൈവരിക്കുമെന്നതില്‍ സംശയമില്ല. ആധുനികലോകത്തെ നൂതനസംവിധാനങ്ങളിലേക്കും അന്താരാഷ്ട്ര തലത്തിലെ അതിവേഗത്തിലേക്കും യു.എ.ഇയെ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതില്‍ ശൈഖ് മുഹമ്മദ് ബിന്‍സായിദിന്റെ സേവനം വിസ്മരിക്കാനാവാത്തതാണ്. സഹോദരന്‍ കൂടിയായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് ഭരണകാര്യങ്ങളില്‍ ചുക്കാന്‍ പിടിച്ച ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടപ്പാക്കിയ വേറിട്ട തീരുമാനങ്ങള്‍ ലോകതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങളുടെ അനന്തരഫലം തന്നെയാണ് ലോകത്തെ പിടിച്ചുലച്ച കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധിയില്‍ യു.എ.ഇയെ ആടിയുലയാതെ പിടിച്ചുനിറുത്താനായത്. ലോകരാജ്യങ്ങള്‍ പലതും മറ്റുരാജ്യങ്ങള്‍ക്കുനേരെ കൈനീട്ടിയപ്പോള്‍ അവര്‍ക്ക് അങ്ങോട്ട് ചെന്ന് സഹായം ചെയ്യാന്‍ മാത്രം പ്രാപ്തിയും പര്യാപ്തതയും കൈവരിക്കുന്ന വിധം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഏകസാമ്പത്തിക സ്രോതസ് എന്ന് വിശേഷിപ്പിക്കാവുന്ന എണ്ണ വില വിവിധ ഘട്ടങ്ങളില്‍ കുത്തനെ കൂപ്പുകുത്തിയപ്പോഴും യു.എ.ഇ ആടിയുലയാതെ അതിന്റെ അടിത്തറ ഭദ്രമാക്കിയിരുന്നു. പിതാവില്‍നിന്ന് വരദാനമായി ലഭിച്ച ദീര്‍ഘവീക്ഷണം തന്നെയാണ് അതിനൊക്കെ പ്രചോദനമായി മാറിയത്. വിവിധ രാജ്യങ്ങളില്‍ സാമ്പത്തിക നൈപുണ്യം കൈമുതലാക്കിയ ഉന്നത ഉദ്യോഗസ്ഥരുടെ വന്‍വ്യൂഹം ഉറക്കമിളച്ചിരുന്നു അന്താരാഷ്ട്ര സാമ്പത്തിക ചലനങ്ങള്‍ വീക്ഷിക്കുമ്പോള്‍ യു.എ.ഇ അതില്‍നിന്നെല്ലാം വിഭിന്നമായാണ് ദൈനംദിന കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. പക്ഷേഇന്നുവരെ പ്രതിസന്ധിയുടെ ചെറുനിഴല്‍ നേരിടേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ആയുധവും യുദ്ധവുമല്ല, സഹിഷ്ണുതയാണ് ലോകത്തിന് ആവശ്യമെന്ന് എക്കലവും വിളിച്ചോതിയാണ് ശൈഖ് മുഹമ്മദിന്റെ ദിനരാത്രങ്ങള്‍ കടന്നുപോയിട്ടുള്ളത്. ലോകം ഏറെ ശ്രദ്ധിക്കുന്നവിധം യു.എ.ഇ സഹിഷ്ണുതാ വര്‍ഷം ആചരിക്കുകയും വിവിധ മതങ്ങളുടെ സമ്മേളനം നടത്തി മാതൃകകാട്ടുകയും ചെയ്തു.

അല്‍ അസ്ഹറിലെ ഗ്രാന്റ് മുഫ്തിയും വത്തിക്കാനിലെ പോപ്പും അബുദാബിയുടെ മണ്ണില്‍ ഒത്തുകൂടിയ ദിവസം അന്നുവരെ കണ്ടിട്ടില്ലാത്ത വാര്‍ത്താ പ്രാധാന്യമാണ് ലോകത്തിനുമുന്നില്‍ യു.എ.ഇക്ക് ലഭിച്ചത്. മതങ്ങളുടെ ഐക്യത്തിലൂടെമാത്രമേ ലോകത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്താനാവുകയുള്ളുവെന്ന സന്ദേശം നല്‍കിയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അത്തരമൊരു ചരിത്രദിവസത്തിന് കളമൊരുക്കിയത്. അബുദാബിയില്‍ ഉയര്‍ന്നുവരുന്ന മനോഹരമായ ഹൈന്ദവ ക്ഷേത്രവും മനോഹരമായ മസ്ജിദിന് ഉമ്മു ഈസ മസ്ജിദ് (മസ്ജിദ് മറിയം) എന്ന് നാമകരണം ചെയ്തതുമെല്ലാം തങ്കലിപികളാല്‍ ആലേഖനം ചെയ്ത യാഥാര്‍ത്ഥ്യങ്ങളാണ്. വെറും അരനൂറ്റാണ്ട് മാത്രം പ്രായമുള്ള യു.എ.ഇ എന്ന കൊച്ചുരാജ്യം ലോകത്തിലെ തലയെടുപ്പുള്ള രാജ്യമായി മാറിയതും ദീര്‍ഘവീക്ഷണമെന്ന മഹത്തായ ആശയം മുറുകെപ്പിടിച്ചതുകൊണ്ടുതന്നെയാണ്. ചെറുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന മരുഭൂമിയെ ലോകത്തിന് മാതൃകയാക്കാവുന്നവിധത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന പിതാവിന്റെ മക്കള്‍ എന്നബഹുമതി ഇവര്‍ക്ക് സ്വന്തമാണ്. രാഷ്ട്രപിതാവും സ്വന്തം പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ വിരല്‍തുമ്പിലൂടെ കുഞ്ഞുന്നാള്‍തൊട്ട് സഞ്ചരിച്ചു സ്വന്തം രാജ്യത്തെയും ലോകത്തെയും നോക്കിക്കണ്ടവരാണ് ഇവര്‍. ഇല്ലായ്മയില്‍നിന്നും തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി ഉയര്‍ന്നുവരുന്നതുവരെയുള്ള ഓരോ നിമിഷത്തിലൂടെയും സഞ്ചരിച്ചു അനുഭവങ്ങളുടെ പാഠശാലയിലൂടെയാണ് നഹ് യാന്‍ കുടുംബം കടന്നുവന്നത്.
പാരീസിന്റെ പുരോഗതിയും സിറ്റ്‌സര്‍ലാന്റിന്റെ സൗകുമാര്യതയും കണ്ടു അത്ഭുതം കൂറിയ ശൈഖ് സായിദ് തന്റെ രാജ്യത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ കാണിച്ച മാന്ത്രികവിദ്യ മക്കളും മാതൃകയാക്കിയിട്ടുണ്ട്. ഈത്തപ്പഴവും ഉണക്കമത്സ്യവും കഴിച്ചു ജീവിതം നിലനിര്‍ത്തിയ തലമുറ ഇനിയും ജീവിച്ചുതീര്‍ന്നിട്ടില്ലാത്ത രാജ്യമാണ് യു.എ.ഇ. മൂന്നാം പ്രസിഡണ്ട് അധികാരത്തിലേറുമ്പോള്‍, ഇനിയും ഒത്തിരി അതിശയങ്ങള്‍ ലോകത്തിനു കാണിക്കാന്‍ സാധിക്കുമെന്ന ഉത്തമവിശ്വാസമുണ്ട്.

Chandrika Web: