X

ഇനി ഫുട്‌ബോള്‍ വസന്തത്തിന്റെ നാളുകള്‍; കോപ്പയ്ക്ക് നാളെ കിക്കോഫ്‌

സഹീലു റഹ്മാന്‍

കോപ്പ അമേരിക്ക 48-ാം പതിപ്പിന് നാളെ തുടക്കം. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നിലവിലെ ചാംമ്പ്യന്‍മാരായ അര്‍ജന്റീനയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. 15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക. നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. ചാമ്പ്യന്‍ഷിപ്പിന് ആദ്യ വിസില്‍ മുഴങ്ങുമ്പോള്‍ ലോകം ഒരു മിനിവേള്‍ഡ്കപ്പിന്റെ ആരവങ്ങളിലമരും.

ദേശീയ ടീമുകള്‍ ഉള്‍പ്പെടുന്ന ലോകത്തിലെ പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ്പ അമേരിക്കയില്‍ ഫേവറേറ്റുകളായി അര്‍ജന്റീനയും, ബ്രസീലും, ഉറുഗ്വേയും, കൊളംബിയയും ഒക്കെ എത്തുമ്പോള്‍ മത്സരത്തിന് വീറും വാശിയും നിറയും.

നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാണ് സാക്ഷാല്‍ ലിയോ മെസ്സിയുടെ അര്‍ജന്റീന. ഏറ്റവും കൂടുതല്‍ കോപ്പ നേടിയിട്ടുള്ള ബഹുമതിയും അര്‍ജന്റീനയ്ക്കുണ്ട്. ഫുട്‌ബോള്‍ ഗോട്ട് എന്ന് വിശേഷിപ്പിക്കുന്ന ലയണല്‍ മെസ്സി തന്നെയാണ് ആല്‍ബിസെലിസ്റ്റകളുടെ തുറുപ്പ്ചീട്ട്. നീണ്ട നാളത്തെ കിരീട വരള്‍ച്ച മെസ്സിയും സംഘവും കോപ്പയിലൂടെയാണ് മാറ്റി കുറിച്ചത്. മാരക്കാനയില്‍ ബ്രസീലിനെ മുട്ടുകുത്തിച്ചാണ് അര്‍ജന്റീന കിരീടക്ഷാമം ഇല്ലാതാക്കിയത്. കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ ഗ്വാട്ടിമാലയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്.

മെസ്സിയെ കൂടാതെ വെറ്ററന്‍ വിങര്‍ ഡിമരിയ, ലോകകപ്പ് ഗോള്‍ഡന്‍ ഗ്ലോവ് വിന്നര്‍ എമി മാര്‍ട്ടിനെസ്, പ്രതിരോധത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ ടീമിലുണ്ട്. സീരി എയിലെ ടോപ് സ്‌കോറര്‍ ലൗട്ടാരോ മാര്‍ട്ടിനെസ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ മുന്നേറ്റ നിരയില്‍ കളിക്കും. എഎസ് റോമയ്ക്കായി 16 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടും പൗലോ ഡിബാലയ്ക്ക് താല്‍ക്കാലിക ടീമില്‍ പോലും ഇടം ലഭിച്ചിരുന്നില്ല. കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന.

ടൂര്‍ണമെന്റില്‍ പത്താം കിരീടമാണ് ബ്രസീലിന്റെ ലക്ഷ്യം. സൂപ്പര്‍ താരം നെയ്മറിന്റെ അഭാവം ബ്രസീലിനുണ്ട്. സ്ഥിരം വില്ലനാകുന്ന പരിക്ക്് തന്നെയാണ് നെയ്മറിനെ ടീമില്‍ നിന്ന് തടഞ്ഞത്. സംാബാ താളക്കാരുടെ എല്ലാ കണ്ണുകളും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരമായ വിനിഷ്യസ് ജൂനിയറിന്‍ മേലാണ്. കൂടാതെ ബാഴ്‌സ താരം റഫീഞ്ഞ, റോഡ്രിഗോ ,മാര്‍ട്ടിനെല്ലി, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങളും ബ്രസീല്‍ ടീമിലുണ്ട്.

സുവാരസിന്റെ മികവില്‍ പന്ത് തട്ടാന്‍ ഇറങ്ങുന്ന ഉറുഗ്വേയും മികച്ച ടീമുമാണ് ടൂര്‍ണമെന്റിലേക്ക് വരുന്നത്. യുവനിരയാണ് ഉറുഗ്വേയുടെ കരുത്ത്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകാന്‍ മെക്‌സിക്കോയും,വെനസ്വലയും, ഇക്വാഡറുമൊക്കെ പന്തു തട്ടുമ്പോള്‍ തീപാറും മത്സരം തന്നെ പ്രതീക്ഷിക്കാം.

അര്‍ജന്റീനയും ഉറുഗ്വേയും 15 തവണ വീതം കോപ്പ കിരീടം നേടിയിട്ടുണ്ട്. ബ്രസീല്‍ 9 തവണയും. ചിലി, പരാഗ്വയ്, പെറു ടീമുകള്‍ 2 തവണ വീതവും ബൊളീവിയ, കൊളംബിയ എന്നിവര്‍ ഓരോ തവണയും കിരീടം നേടി. രണ്ടു വന്‍കരകളില്‍ നിന്നായി 16 ടീമുകള്‍ മത്സരിക്കുന്നുണ്ടെങ്കിലും കോപ്പയില്‍ ഇത്തവണയും ആരാധകര്‍ കാത്തിരിക്കുന്നത് അര്‍ജന്റീന-ബ്രസീല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനാവും. പക്ഷേ അര്‍ജന്റീന എ ഗ്രൂപ്പിലും ബ്രസീല്‍ ഡി ഗ്രൂപ്പിലും ആയതിനാല്‍ ഫൈനലില്‍ മാത്രമേ അതിനു സാധ്യതയുള്ളൂ.

 

webdesk13: