ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഒരു വര്‍ഷം തികയുന്ന നവമ്പര്‍ 8 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. കള്ളപ്പണവും തീവ്രവാദവും ഇല്ലാതാവുമെന്ന് പറഞ്ഞ് നോട്ട് നിരോധനം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ക്യൂവില്‍ നിര്‍ത്തുകയല്ലാതെ ലക്ഷ്യങ്ങളൊന്നും കൈവരിച്ചില്ലന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. വളര്‍ച്ചാ നിരക്ക് കുറയുകയും തൊഴിലില്ലായ്മ വര്‍ധിക്കുക്കുകയുമാണ് നോട്ട് നിരോധനം കൊണ്ട് ഫലത്തില്‍ സംഭവിച്ചത്. പത്ത് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ പത്തുകോടി തൊഴിലില്ലാഴ്മയാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം രാജ്യം കണ്ട വലിയ കൊളളയാണന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദരക് ഒബ്രിയോണ്‍ എം.പി പറഞ്ഞു. പാര്‍ലമന്റ് സെഷന്‍ ഇല്ലാത്തതിനാല്‍ ദില്ലിയില്‍ സംയുക്ത സമര പരിപാടിയുണ്ടാവില്ല. പതിനെട്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ ഡല്‍ഹിയില്‍ എത്തുന്നതിന്റെ ബുദ്ധിമുട്ട് പരിഗണിച്ച് ഓരോ പാര്‍ട്ടികളും തങ്ങളുടെ കേന്ദ്രങ്ങളില്‍ സമരപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കുന്നതിനായി ആറംഗ കമ്മറ്റി രൂപീകരിച്ചിരുന്നു. പ്രസ്തുത കമ്മറ്റിയുടെ പ്രഥമ യോഗം ഇന്നലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പാര്‍ലിമെന്റ് ചേംമ്പറില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ട് നിരോധനം രാജ്യവ്യാപകമായി കരിദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തത്. ജെ.ഡി.യു എം.പി ശരത് യാദവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.