X

ദ്യോക്യോവിച്ചിനെ തിയോം മറിച്ചിട്ടു

 

പാരീസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് പുറത്ത്. ആറാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് ദ്യോകോവിച്ചിനെ അട്ടിമറിച്ചത്. സ്‌കോര്‍ 7-6, 6-3, 6-0. ദ്യോകോവിച്ചിന്റെ 937 കരിയര്‍ ടൂര്‍ മാച്ചുകളില്‍ ഇതു രണ്ടാം തവണയാണ് മൂന്നാം സെറ്റ് 6-0ന് തോല്‍ക്കുന്നത്. ഇത് തന്റെ ദിനമല്ല എന്നായിരുന്നു തോല്‍വിക്കു ശേഷം ദ്യോകോവിച്ചിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപണ്‍ സെമിയുള്‍പ്പെടെ തീമിനെതിരെ കളിച്ച അഞ്ചു മത്സരങ്ങളിലും ദ്യോകോവിച്ചായിരുന്നു ജയിച്ചിരുന്നത്. സെമി ഫൈനലില്‍ 23കാരനായ തീം ഒമ്പത് തവണ ഫ്രഞ്ച് ഓപണില്‍ കിരീടം ചൂടിയിട്ടുള്ള റാഫേല്‍ നദാലിനെയാണ് നേരിടുക. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ലോക 20-ാം നമ്പര്‍ താരം പാബ്ലോ കരീനോ ബുസ്തയെ തോല്‍പിച്ചാണ് റാഫേല്‍ നദാല്‍ തന്റെ 10-ാം ഫ്രഞ്ച് ഓപണ്‍ സെമി ഫൈനല്‍ ബെര്‍ത്ത് നേടിയത്. നദാല്‍ 6-2, 2-0 എന്ന നിലയില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബുസ്ത പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തോല്‍വിയില്‍ വലിയ നിരാശയുണ്ടന്ന് സെര്‍ബിയന്‍ താരം പറഞ്ഞു. ഒന്നും അനുകൂലമായി വന്നില്ല. കാലാവസ്ഥയും കാറ്റുമെല്ലാം പ്രതിയോഗിക്കാണ് തുണയായത്. ഡൊമിനിക് തിയോം തുടക്കത്തില്‍ തന്നെ കടന്നാക്രമണം നടത്തിയപ്പോള്‍ അത് പ്രതിരോധിക്കുന്നതിലെ തന്റെ പിഴവും മല്‍സരത്തില്‍ നിര്‍ണായകമായതായി ദ്യോക്യോവിച്ച് പറഞ്ഞു. ആദ്യ രണ്ട് സെറ്റിലും പൊരുതാനൂര്‍ജ്ജം കാണിച്ച സെര്‍ബിയക്കാരന്‍ മൂന്നാം സെറ്റില്‍ തീര്‍ത്തും നിസ്സഹായനാവുകയായിരുന്നു. ഒരു ഗെയിം പോലും നേടാന്‍ അദ്ദേഹത്തിനായില്ല. 2005 ലെ യു.എസ് ഓപ്പണിന് ശേഷം ഇതാദ്യമായാണ് ഒറ്റ ഗെയിം പോലും നേടാനാവാതെ ദ്യോക്യോവിച്ചിന് സെറ്റ് നഷ്ടമാവുന്നത്. ആന്ദ്രെ അഗാസിയെ പോലുളള സീനിയര്‍ താരങ്ങളുമായി പരിശീലന വേളകള്‍ നടത്തിയെത്തിയിട്ടും എവിടെയാണ് പിഴച്ചത് എന്ന് ചോദിച്ചപ്പോള്‍ മൂന്നാം സെറ്റില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് പോലും അറിയില്ലെന്നായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രതികരണം.

chandrika: