തലശ്ശേരിയില്‍ ചവിട്ടേറ്റ രാജസ്ഥാന്‍ സ്വദേശി ആറ് വയസ്സുകാരന്‍ ഗണേഷിനെ വഴിപോക്കനായ മറ്റൊരാളും തലക്ക് അടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടി കാറിലേക്ക് നോക്കി നില്‍ക്കുമ്പോഴായിരുന്നു മര്‍ദ്ദനം. കാറിനോട് ചാരി നിന്നതിന് പ്രതി മുഹമ്മദ് ശിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കുട്ടിയെ മര്‍ദ്ദിക്കുന്നതിന് മുന്‍പാണ് ഇത്തരത്തില്‍ വഴിപോക്കനായ ഒരാള്‍ കുട്ടിയെ അടിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മറ്റൊരാള്‍ കൂടി മര്‍ദ്ദിച്ചതായി വ്യക്തമായത്.
പിഞ്ചുബാലനെ തലക്കിടിച്ച്
ചവിട്ടിവീഴ്ത്തിയ ക്രൂരത
നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ തലക്കിടിച്ച്, മുതുകത്ത് ചവിട്ടി വീഴ്ത്തിയ ക്രൂരത യില്‍ നാട് നടുങ്ങി. ജനമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ജനരോഷമുയര്‍ന്നതോടെ പ്രതി മുഹമ്മദ് ഷിഹാദി(20)നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.തലശ്ശേരി മണവാട്ടി ജംഗ്ഷനിലാണ് മനസാക്ഷിയെ തന്നെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആറ് വയസുകാരന്‍ ഗണേശാണ് ക്രൂരമായ മര്‍ദനത്തിനിരയായത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്നതിന് കാറുടമയായ ഷിഹാദ് തലക്കിടിക്കുകയും ഷൂസിട്ട കാലുകൊണ്ട് മുതുകില്‍ ചവിട്ടിത്തെറിപ്പിക്കുകയുമായിരുന്നു. ചവിട്ടേറ്റ് നട്ടെല്ലിന് ക്ഷതമേറ്റ ആറ് വയസുകാരന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരത്തില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കാനെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശന്‍.
ക്രൂരകൃത്യത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ കാറുടമ പൊന്ന്യംപാലം സ്വദേശി ഷിഹാദിനെ തലശ്ശേരി പൊലീസ് വിളിച്ച് വരുത്തി കാര്യം അന്വേഷിച്ച ശേഷം കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പൊലീസിന്റെ നിരുത്തരവാദ നടപടിയില്‍ ജനരോഷമുയര്‍ന്നതോടെ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ മര്‍ദിക്കുന്നത് കണ്ട് ഇടപെട്ട നാട്ടുകാരോട് പ്രതി ഷിഹാദ് തട്ടിക്കയറുന്ന സ്ഥിതിയുണ്ടായി. ഒരു അഭിഭാഷകനാണ് വിവരം പൊലീസിനെ അറിയിച്ചത്.
അക്രമത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനും ഇടപെട്ടത്. ജനരോഷവും ശക്തമാതോടെ ഇന്നലെ രാവിലെ പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുക്കുകയും വധശ്രമത്തിന് കേസെടുത്ത് അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു. വിവരം അറിഞ്ഞ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ പൊലീസ് മേധാവിയെ വിളിച്ച് രൂക്ഷമായാണ് പ്രതികരിച്ചത്. തൊട്ടുപിന്നാലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും റിപ്പോര്‍ട്ട് തേടി. അറസ്റ്റ് ചെയ്ത പ്രതിയെ വൈകിട്ടാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്.. ആദ്യം കുട്ടിയുടെ തലക്കിടിച്ച പ്രതി കാറിന് സമീപത്ത് നിന്നും മാറാതായതോടെ കാലുകൊണ്ട് മുതുകില്‍ ചവിട്ടിതെറിപ്പിക്കുകയായിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയെ സ്പീക്കര്‍ എഎന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.