കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ മാന്‍ഹോളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീനക്ക് സര്‍ക്കാര്‍ ജോലി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി. റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായാണ് സഫ്രീനയെ നിയമിച്ചത്. മന്ത്രിസഭയുടെ സവിശേഷാധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നവംബര്‍ 25ന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനമെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലടക്കം സുമനസ്സുകള്‍ ഉയര്‍ത്തിവിട്ട വന്‍ പ്രചാരണമാണ് ഒടുവില്‍ സഫ്രീനക്കു ജോലി യാഥാര്‍ത്ഥ്യമാക്കിയത്. നൗഷാദിന്റെ ഒന്നാം ചരമവാര്‍ഷികം കടന്നുപോകുമ്പോഴും കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന വാര്‍ത്തകള്‍ വ്യാപകമായതോടെ വമ്പിച്ച കാമ്പയിനാണ് സമൂഹമാധ്യമങ്ങളിലും മറ്റുമുണ്ടായത്.
ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്‌മെന്റില്‍ നിലവിലുള്ളതോ ഒഴിവുവരുന്നതോ ആയ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കണമെന്ന് അറിയിച്ചു കൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് നൗഷാദിന്റെ ഭാര്യക്കു കഴിഞ്ഞ ദിവസം ലഭിച്ചു. ഇതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട ചുമതല കോഴിക്കോട് ജില്ലാ കലക്ടര്‍ക്കാണ്.
2015 നവംബര്‍ 26നാണ് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിനടുത്ത് മാന്‍ഹോളില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാളിക്കടവ് സ്വദേശി നൗഷാദ് മരിച്ചത്.