X
    Categories: CultureNewsViews

“പോവുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാനാവില്ലല്ലോ”; നൗഷാദിന്റെ നന്‍മ മനസിനെ ചേര്‍ത്ത് പിടിച്ച് കേരളം


കൊച്ചി: പ്രളയ ബാധിതരെ സഹായിക്കാന്‍ വിഭവ സമാഹരണത്തിനായി തന്നെ സമീപിച്ചവര്‍ക്ക് തന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നല്‍കി അമ്പരപ്പിച്ച കൊച്ചി ബ്രോഡ്‌വേയിലെ നൗഷാദിനെ നന്‍മ മനസിനെ വാഴ്ത്തി കേരളം. നിരവധി പേരാണ് നൗഷാദിന് സാമ്പത്തികമായും അല്ലാതെയും സഹായം വാഗ്ദാനം ചെയ്ത് അദ്ദേഹത്തെ ബന്ധപ്പെട്ടത്. എന്നാല്‍ അവരോടെല്ലാം നൗഷാദി പറയാനുണ്ടായിരുന്നത് ഒരേ മറുപടിയായിരുന്നു. ‘എനിക്കൊന്നും വേണ്ടാ. നിങ്ങള്‍ക്കരികില്‍ ദയാവായ്പ അര്‍ഹിക്കുന്ന കരങ്ങള്‍ക്ക് എല്ലാം കൈമാറുക…’

ശനിയാഴ്ച നടന്ന സംഭവമറിഞ്ഞ് നടന്‍മാരായ മമ്മൂട്ടി, ജയസൂര്യ, കലക്ടര്‍ എസ്.സുഹാസ് തുടങ്ങി ഒട്ടേറെപ്പേര്‍ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും നൗഷാദിനെ ബന്ധപ്പെട്ടു; സ്‌നേഹവും ആദരവും പങ്കുവച്ചു. സ്വീകരണമൊരുക്കിയ പലരെയും നൗഷാദ് സ്‌നേഹത്തോടെ മടക്കി. ‘നമ്മള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല, പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകാനും പറ്റില്ല. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. എന്റെ പെരുന്നാള്‍ ഇങ്ങനെയാ’ നൗഷാദ് പറയുന്നത് ഇത്രമാത്രം.

കുസാറ്റിലെ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങിയ സംഘം ദുരിതാശ്വാസ ക്യാമ്പുകളിലേക്കു വസ്ത്രം ശേഖരിക്കാനാണു ശനിയാഴ്ച നഗരത്തിലിറങ്ങിയത്. ബ്രോഡ്‌വേയിലെത്തിയപ്പോള്‍ ‘ഒന്നെന്റെ കടയിലേക്കു വരാമോ’ എന്ന ചോദ്യവുമായി നൗഷാദ് സമീപിച്ചു. തുറന്നിട്ട കട ചൂണ്ടി നൗഷാദ് പറഞ്ഞു: ‘ആവശ്യമുള്ളതെടുത്തോ.’ സംഘാംഗങ്ങള്‍ അമ്പരന്നു നില്‍ക്കുന്നതിനിടെ, വില്‍പന്ക്കു വച്ച വസ്ത്രങ്ങളെല്ലാം വാരിയെടുത്തു ചാക്കിലാക്കി കൈമാറുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും നൗഷാദ് പ്രളയബാധിതര്‍ക്കായി വസ്ത്രം നല്‍കിയിരുന്നു. ഇത്തവണ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതോടെയാണു താരമായത്. മട്ടാഞ്ചേരി വാട്ടര്‍ ടാങ്കിനു സമീപം വലിയപറമ്പില്‍ പരേതനായ മുഹമ്മദിന്റെയും റുക്കിയയുടെയും മകനാണ്. 9 വര്‍ഷം സൗദിയിലായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി കച്ചവടം നടത്തുന്നു. ഭാര്യ നിസയും മക്കള്‍ ഫര്‍സാനയും ഫഹദും കൂട്ടിനുണ്ട്. നൗഷാദിന് ആദരമര്‍പ്പിച്ച് ആര്‍ട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് കൊടുങ്ങല്ലൂരിനടുത്ത് തിരുവള്ളൂരിലെ തന്റെ വീടിനുള്ളില്‍ തുണികള്‍ കൊണ്ട് തീര്‍ത്ത നൗഷാദിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റായി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: