ദോഹ: ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിക്കുന്ന പരമ്പരാഗത നൗക ഫത്ഹുല്‍ ഖൈര്‍-3 യാത്ര കുവൈത്തിലേക്ക് തിരിച്ചു. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നിന്നും ഒമാന്‍ വഴിയാണ് കുവൈത്ത് തീരത്തേക്കുള്ള യാത്ര. ഫത്ഹുല്‍ ഖൈറിന്റെ മൂന്നാം യാത്രയ്ക്ക് കത്താറ ബീച്ചില്‍ ഇന്നലെ വൈകുന്നേരം നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പരമ്പരാഗത ശൈലിയിലാണ് യാത്രയപ്പ് നല്‍കിയത്. ഉരു യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടുംബാംഗങ്ങളും ബന്ധുക്കളും വികാരനിര്‍ഭരമായി വിട നല്‍കി. ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍താനിയുടെ സാന്നിധ്യത്തില്‍ കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി, ഊര്‍ജ്ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സദ, മുന്‍ ഖത്തര്‍ സാംസ്‌കാരിക പൈതൃകമന്ത്രി ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍കുവാരി തുടങ്ങിയവര്‍ പങ്കെടുത്തു. അല്‍ ദാഷ എന്നാണ് യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. കത്താറ ബീച്ചില്‍ നിന്നും കോര്‍ണീഷിലേക്ക് എത്തിയശേഷം അവിടെനിന്നാണ് ഒമാനിലേക്ക് പുറപ്പെടുന്നത്. ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കുചേരുന്നതിനായി ഡിസംബര്‍ പതിനെട്ടിന് പായ്ക്കപ്പല്‍ മടങ്ങിയെത്തും. മുഹമ്മദ് യൂസുഫ് അല്‍സദയാണ് ടീമിന്റെ ക്യാപ്റ്റന്‍. സമുദ്രായനമേഖലയില്‍ ഖത്തറിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര പുറപ്പെടുന്നത്. പായ്ക്കപ്പല്‍ ഉപയോഗിച്ച് എങ്ങനെ സഞ്ചരിക്കണമെന്ന് പുതുതലമുറയെ പഠിപ്പിക്കാനും ഖത്തറിന്റെ ചരിത്രത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കാനുമായിരുന്നു ലക്ഷ്യമിടുന്നത്. കടല്‍ യാത്രക്കിടയില്‍ കരയുമായും അധികൃതരുമായും ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഉരുവിലുണ്ട്. സാറ്റലൈറ്റ്, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാചകം, ആരോഗ്യസേവനം, അറ്റുകുറ്റപ്പണികള്‍ എന്നിവയ്ക്കായുള്ളവരുള്‍പ്പടെയാണ് യാത്രാസംഘത്തിലുണ്ട്.
- 7 years ago
chandrika
Categories:
Video Stories
കത്താറയില്‍ നിന്നും ഫത്ഹുല്‍ ഖൈര്‍ പരമ്പരാഗത നൗക യാത്രതിരിച്ചു
Tags: qatar