X

ഇല്ലാത്ത ബൈക്കിന്റെ ഉടമയാക്കി എ.ഐ ക്യാമറ; യുവാവിന് നോട്ടീസിന്റെ പെരുമഴ

കൊച്ചിയില്‍ ജോലി ചെയ്യുന്ന യുവാവിന് അടൂരില്‍നിന്ന് എ.ഐ. ക്യാമറ വഴി ഒരു പെറ്റിക്കേസ് നോട്ടീസ് വീട്ടിലെത്തി. പിന്നീട് പെറ്റിക്കേസുകളുടെ എണ്ണം കൂടിയപ്പോള്‍ അന്വേഷിച്ച യുവാവ് അന്തംവിട്ടു. താന്‍ അറിയാതെ തന്റെ ഉടമസ്ഥതയില്‍ ഒരു ബൈക്ക്. ഒടുവില്‍ അടൂര്‍ പൊലീസ് ആ ബൈക്ക് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് യുവാവ്. പത്തനംതിട്ട വലഞ്ചുഴി തരകന്‍പുരയിടത്തില്‍ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്.

ഓഗസ്റ്റ് 10നാണ് ആദ്യമായി ആസിഫിന് പെറ്റിക്കേസ് നോട്ടീസ് കിട്ടിയത്. കെ.എല്‍. 03 ടി. 1397 ബൈക്കില്‍ 2 പേര്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രമുള്‍പ്പെടെയാണ് ലഭിച്ചത്. ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്തതിന് പിഴ ഒടുക്കണമെന്നതായിരുന്നു ഉള്ളടക്കം. 5 പെറ്റിക്കേസുകള്‍കൂടിവന്നു. ആസിഫ് പത്തനംതിട്ട ആര്‍.ടി.ഒ.യെ സമീപിച്ചു. 2010ല്‍ പത്തനംതിട്ട ആര്‍.ടി.ഒയില്‍ ആസിഫിന്റെ പേരില്‍ ബൈക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

താന്‍ ഇങ്ങനെയൊന്ന് വാങ്ങിയിട്ടില്ലെന്ന് ഇദ്ദേഹം അറിയിച്ചു. ആസിഫ് അന്ന് എന്‍ജിനിയറിങ്ങിന് പഠിക്കുകയുമായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് പോലീസിലും പത്തനംതിട്ട ആര്‍.ടി.ഒയിലും പരാതി നല്‍കി. ഇതിനിടെ, അടൂര്‍ ഭാഗത്ത് ഈ നമ്പരിലുള്ള ബൈക്ക് ഉണ്ടെന്ന് ആസിഫിന് വിവരം കിട്ടി. ഇക്കാര്യം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. അദ്ദേഹം വിവരം അടൂര്‍ സി.ഐ. ശ്രീകുമാറിന് കൈമാറുകയായിരുന്നു.

ഇക്കാര്യങ്ങളൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണ് നിലവില്‍ വാഹനം ഉപയോഗിക്കുന്നവര്‍ പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. ആറു വര്‍ഷം മുമ്പ് ഒരു സുഹൃത്തിന്റെ പക്കല്‍നിന്ന് 7000 രൂപയ്ക്ക് വാങ്ങിയതാണ് ബൈക്ക്. സുഹൃത്ത് വാങ്ങിയതും മറ്റൊരാളില്‍നിന്നാണെന്ന് വിവരം കിട്ടിയിട്ടുണ്ട്. പലതവണ കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഒരിക്കല്‍പോലും മാറ്റിയിട്ടുമില്ല. പ്രതിയെ പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി.

webdesk13: