തനിക്കെതിരെ ഉയര്‍ന്നുവന്ന സാമ്പത്തിക ക്രമക്കേട് വിവാദങ്ങളില്‍ പ്രതികരിക്കാതെ ഇ.പി ജയരാജന്‍. കണ്ണൂരില്‍ നടന്ന പൊതു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെറു ചിരി മാത്രമായിരുന്നു ഇ.പി ജയരാജന്റെ മറുപടി.
കണ്ണൂരില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സ്വത്ത് സമ്പാദിച്ചെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചത്. ഇതിനു പിന്നാലെയാണ് വലിയ രീതിയിലുള്ള ആഭ്യന്തര കലഹങ്ങള്‍ക്ക് സിപിഎമ്മില്‍ തുടക്കമിട്ടത്.
കണ്ണൂരിലെ രണ്ട് പ്രധാന നേതാക്കള്‍ കൊമ്പുകോര്‍ത്തതിലൂടെ സി.പി.എമ്മിനുള്ളില്‍ സമീപകാലത്തെ ഏറ്റവും കടുത്ത പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത നേതാക്കള്‍ക്കും മൗനം. ജയരാജന്മാര്‍ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് നേതാക്കളുടെ പൊതുവികാരം. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പിക്കെതിരായ അന്വേഷണത്തില്‍ തീരുമാനമുണ്ടായേക്കും. പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ച് വിവാദം അവസാനിപ്പിക്കാനാണ് നീക്കമെന്ന് സൂചനയുണ്ട്.
ഇതിനിടെ ഇന്ന് ചേരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ചക്കു വരുമെന്നാണ് സൂചന. ഇ.പി ജയരാജന്‍ പോളിറ്റ്ബ്യൂറോ അംഗം ആയതിനാലാണിത്. പി.ബിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഡല്‍ഹിയിലെത്തിയെങ്കിലും ഇ.പി വിഷയം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പി.ബി യോഗത്തില്‍ ഇ.പിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഡല്‍ഹിയില്‍ ഇപ്പോള്‍ തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു പിണറായിയുടെ മറുപടി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണുമോ എന്ന ചോദ്യത്തിനും പിണറായി മറുപടി നല്‍കിയില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അങ്ങോട്ടു വന്ന് പറയാമെന്നായിരുന്നു പ്രതികരണം.