ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഉത്തര്‍ പ്രദേശ് സ്വദേശിയായ സന്‍ഗം ലാല്‍ പാണ്ഡെ എന്ന അഭിഭാഷകനാണ് നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമായ ഇന്നലെ വൈകുന്നേരമാണ് സര്‍ക്കാരിന്റെ നീക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.
സര്‍ക്കാര്‍ തീരുമാനം ആവശ്യസേവനങ്ങളെ ഗുരുതരമായി ബാധിച്ചെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗംകൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വരുന്ന ചൊവ്വാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയിലും രണ്ട് അഭിഭാഷകര്‍ ഇന്നലെ അപേക്ഷ നല്‍കിയിരുന്നു.
നവംബര്‍ എട്ടിനാണ് 500,1000 രൂപനോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസംഗം പ്രത്യക്ഷപ്പെട്ടത്. ചില്ലറയില്ലാത്തതുമൂലവും സര്‍ക്കാരിന്റെ പെട്ടെന്നുള്ള തീരുമാനമായതിനാലും രാജ്യത്തെ ജനങ്ങള്‍ വലഞ്ഞു. ഇന്ന് ബാങ്കില്‍ നിന്നും പോസ്‌റ്റോഫീസില്‍ നിന്നും നോട്ടുകള്‍ മാറിനല്‍കുന്നുണ്ട്.