X
    Categories: MoreViews

മതിയായ കാരണമുള്ളവരെ അസാധു നോട്ടുകള്‍ മാറ്റാന്‍ അനുവദിക്കണം

 

ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയം നീട്ടി നല്‍കുന്നത് സംബന്ധിച്ച് പുനപരിശോധന വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി.
വിഷയത്തില്‍ മറുപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. മാര്‍ച്ച് 31ന് മുമ്പ് നോട്ട് മാറ്റിയെടുക്കാനാവാത്ത മതിയായ കാരണമുള്ളവര്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ അനുവാദം നല്‍കണമെന്ന് ആര്‍ബിഐയോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഒരാള്‍ ന്യായമായി സമ്പാദിച്ച പണം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ന്യായമായ കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കില്‍ അതില്‍ നിന്ന് അയാളെ വിലക്കാന്‍ സാധിക്കില്ല. ഇത് പുനപരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഒരാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ പണം മാറ്റി വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു.
നോട്ട് നിരോധന വിജ്ഞാപനം മൂന്നു വരി ഉത്തരവ് കൊണ്ട് റദ്ദാക്കാന്‍ പ്രേരിപ്പിക്കരുതെന്നും സുപ്രീം കോടതി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. അതേ സമയം കോടതിയുടെ നിരീക്ഷണത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിരവധി പരാതികള്‍ എത്തിയിരുന്നു.
പ്രായമായ വീട്ടമ്മമാരുള്‍പ്പെടെ നോട്ട് അസാധുവാക്കലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് വിഷയം പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി. അസാധു നോട്ടുകള്‍ മാറ്റി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സുപ്രീം കോടതി പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിട്ടുള്ളത്.
എന്നാല്‍ നോട്ട് മാറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനമാണ് എടുത്തതെന്നാണ് കേസുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്.
അസാധു നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ജാലകമൊന്നും തുറക്കില്ലെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. നോട്ട് അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് പ്രഖ്യാപനം നടത്തിയപ്പോള്‍ 2017 മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ മാറ്റി എടുക്കാന്‍ സമയം നല്‍കുമെന്ന് അറിയിച്ചിരുന്നതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

chandrika: