X

നോട്ട് നിരോധനം; രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ നടപടി ആകെ സഹായിച്ചത് മോദിയുടെ സുഹൃത്തുക്കളായ അതി സമ്പന്നരെ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

നോട്ട് നിരോധനം ഒരു തെറ്റായിരുന്നില്ല, അത് പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ നടത്തിയ മനപ്പൂര്‍വമായ ആക്രമണമായിരുന്നുവെന്നും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

ഭീകരവാദം, കള്ളപ്പണം, കള്ളനോട്ട് വ്യാപനം ഇത് മൂന്നും അവസാനിപ്പിക്കുമെന്നായിരുന്നു മോദിയുടെ അവകാശ വാദം. ഈ മൂന്ന് മേഖലയിലും അദ്ദേഹം പരാജയപ്പെട്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2016 നവംബര്‍ എട്ടിനാണ് 500,1000 രൂപ നോട്ടുകള്‍ മോദി സര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണവും, ഹവാല ഇടപാടുകള്‍, ഭീകര പ്രവര്‍ത്തനം എന്നിവ തടയാന്‍ എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും നോട്ട് നിരോധിക്കുമ്പോള്‍ പ്രാബല്യത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളില്‍ 14.31 ലക്ഷം കോടിയും തിരിച്ചെത്തിയതായി (99.3 ശതമാനം) കഴിഞ്ഞ ദിവസം ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍.

chandrika: