തിരുവനന്തപുരം: മോദിയുടെ നോട്ട് പിന്‍വലിക്കലിനെതിരെ വിമര്‍ശനം ഉന്നയിച്ച എഴുത്തുകാരന്‍ എംടിക്ക് പിന്തുണയുമായി സാഹിത്യകാരന്‍ സേതു രംഗത്ത്. പ്രമുഖ മലയാളം പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മോദിയുടെ നോട്ട് പിന്‍വലിക്കലിനെ വിമര്‍ശിച്ച് സേതു എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മോദിയുടെ തുഗ്ലക് പരിഷ്‌കാരത്തിനെ എംടി വാസുദേവന്‍നായര്‍ വിമര്‍ശിച്ചിരുന്നു. അതോടെ എംടിക്കെതിരെ ബിജെപി ആക്രമണം തുടങ്ങി. മോദിക്കെതിരെ പറയാന്‍ എംടിക്ക് എന്താണവകാശമെന്നും വിഷയത്തെ കുറിച്ച് സേതുവും മോഹനവര്‍മ്മയുമാണ് അഭിപ്രായം പറയുന്നതെങ്കില്‍ അംഗീകരിക്കാന്‍ കഴിയുമെന്നായിരുന്നു
ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിനുശേഷം സേതു തന്നെ ബിജെപിയെ വിമര്‍ശിച്ചെത്തുകയായിരുന്നു.
‘കാശ് വേണ്ടാ സമൂഹം’ ഒരു മനോഹരമായ സ്വപ്നംതന്നെയാണെന്നും എന്നാല്‍ എടുത്തുചാടി ഭീഷണിപ്പെടുത്തി നടപ്പാക്കാവുന്ന ഒന്നല്ല അത്. ഇന്ത്യയെപ്പോലത്തെ ഒരു ഗ്രാമകേന്ദ്രീകൃത സമൂഹത്തില്‍ പടിപടിയായി, വ്യക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ അതു നടപ്പാക്കാനാവൂ. നോട്ട് പിന്‍വലിക്കലിന് എതിരല്ല താന്‍. പക്ഷേ, കള്ളപ്പണക്കാരെ പിടിക്കാനായി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ പടപ്പുറപ്പാടില്‍ മുറിവേറ്റു വീഴുന്നതു സാധാരണക്കാരാണ്. കൂട്ടത്തില്‍ ഒന്നുകൂടി കാണാന്‍ ചന്തമുള്ള ഈ രണ്ടായിരക്കാരിയുടെ പ്രസക്തി തനിക്കു മനസ്സിലാവുന്നില്ലെന്നും ലേഖനത്തില്‍ സേതു പറയുന്നു.
‘എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ഗാന്ധിയും ഗോഡ്‌സെയും’ എന്ന പ്രസിദ്ധ കവിതയാണ്. ഗാന്ധിജി റേഷന്‍ ഷോപ്പിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ അടുത്തുകൂടി ഗോഡ്‌സെ കൂറ്റന്‍ കാറില്‍ കടന്നുപോകുന്നു എന്നാണു കവി പാടിയത്. കാലപ്പാച്ചിലില്‍, നടപ്പുകാല പരിസരങ്ങളില്‍ ‘ഗാന്ധിജി എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഗോഡ്‌സെ കൂറ്റന്‍ കാറിലിരുന്നു പുഞ്ചിരിക്കുന്നു’ എന്നാക്കിയാലോ എന്നും സേതു തന്റെ ലേഖനത്തില്‍ ചോദിക്കുന്നു. ലേഖനത്തില്‍ ബിജെപിയുടെ നോട്ട് പിന്‍വലിക്കലിനെ കടുത്ത ഭാഷയില്‍ തന്നെയാണ് സേതു വിമര്‍ശിക്കുന്നതും.