X

എങ്ങനെയാണ് നോട്ട് പിന്‍വലിക്കല്‍ പദ്ധതി മോദിയും സംഘവും രഹസ്യമായി സൂക്ഷിച്ചത്?

ന്യൂഡല്‍ഹി: നവംബര്‍ എട്ടിന് രാത്രിയിലാണ് രാജ്യത്തെ 85ശതമാനത്തോളം വരുന്ന കറന്‍സി പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വരുന്നത്. ഇരുചെവിയറിയാതെയുള്ള പ്രഖ്യാപനം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് കുറച്ച് മുമ്പ് നടത്തിയ യോഗത്തിലാണ് മന്ത്രിമാര്‍ പോലും അറിഞ്ഞത്. എന്നാല്‍ ഈ പദ്ധതി മുന്‍കൂട്ടി അറിയുന്ന കുറച്ച് ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവരുമായുള്ള നിരന്തര ചര്‍ച്ചയും നിര്‍ദ്ദേശങ്ങളുമാണ് സര്‍ക്കാരിനെ നോട്ടുപിന്‍വലിക്കലെന്ന അതികഠിനമായി തീരുമാനത്തിലേക്ക് എത്തിച്ചത്.

ഹാഷ്മുഖ് ആദിയഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് നോട്ട് പിന്‍വലിക്കല്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. മോദിയുടെ ഡല്‍ഹിയിലെ വസതിയില്‍വെച്ചുള്ള കൂടിക്കാഴ്ച്ചകളിലായിരുന്നു നോട്ട് നിരോധനമെന്ന കടുത്ത തീരുമാനം കൈക്കൊണ്ടത്. നിരന്തരമുള്ള ചര്‍ച്ചകള്‍ അവിടെ നടന്നതിന്റെ അടിസ്ഥാനത്തിലാണ് 2014-ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ രാജ്യത്തെ 500,ന്റേയും 1000 ന്റേയും നോട്ടുകള്‍ അസാധുവാക്കിയത്.

നോട്ട് പിന്‍വലിക്കല്‍ തീരുമാനം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്തത്. സാധാരണക്കാരായിരുന്നു ഇതിന്റെ പ്രതിസന്ധിയില്‍ അകപ്പെട്ടത്. ബാങ്കിനും എടിഎമ്മിനും മുന്നില്‍ സാധാരണക്കാരായ ജനങ്ങള്‍ തടിച്ചുകൂടി നിന്നു. ചെറുകിട വ്യാപാരികളും കര്‍ഷകരും നോട്ട് നിരോധനത്തില്‍ പൊറുതിമുട്ടുകയും ചെയ്തു. ചെറുകിട കമ്പോളങ്ങള്‍ നിന്നുപോകുകയും ചെയ്തു. 2017-ല്‍ വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലായിരിക്കും മോദിയുടെ രണ്ടാം വരവിന്റെ ഭാവി തീരുമാനമെടുക്കുക. എന്നാല്‍ മോദി തന്റെ നിലനില്‍പ്പിന് ശ്രമിക്കുകതന്നെ ചെയ്യും. ‘ഞാന്‍ എല്ലാ തരത്തിലുള്ള ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. ഇത് പരാജയപ്പെടുകയാണെങ്കില്‍ ഞാന്‍ കുറ്റക്കാരനായിരിക്കും’ -നോട്ട് പിന്‍വലിക്കലിന് മുമ്പ് നടത്തിയ യോഗത്തില്‍ മോദി പറഞ്ഞുവെന്ന് മന്ത്രിമാര്‍ പറയുന്നു.

2003-06കാലഘട്ടത്തില്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്നു ഹാഷ്മുഖ് ആദിയ. അന്നുമുതലുള്ള വിശ്വാസമായിരുന്നു ഹാഷ്മുഖ് ആദിയയെ 2015-ല്‍ റവന്യൂ സെക്രട്ടറി പദത്തിലേക്ക് നയിച്ചത്. സര്‍ക്കാരിന്റെ ഏറ്റവും വലിയ കടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു നോട്ട പിന്‍വലിക്കലിനെ ആദിയ വിശേഷിപ്പിച്ചത്.

ഓഗസ്‌റ്റോടുകൂടി തന്നെ പുതിയ 2000ന്റെ നോട്ടുകളുടെ മാതൃകയില്‍ റിസര്‍വ്വ് ബാങ്ക് എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ ധനകാര്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നോട്ട് പിന്‍വലിക്കലിനെതിരെ സംശയങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളില്‍ പുതിയ നോട്ടുകളെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നോട്ട പിന്‍വലിക്കല്‍ പരാജയപ്പെടുമെന്ന് പലരും സൂചിപ്പിച്ചിരുന്നു. പുറത്തുനിന്നുള്ള ഒരു നിര്‍ദ്ദേശങ്ങളും ആദിയ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. യഥാര്‍ത്ഥ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇവര്‍ക്കറിയില്ലെന്നും ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവരെ വിമര്‍ശിച്ചിരുന്നു.

chandrika: