നോട്ട് നിരോധനത്തില്‍ പങ്കില്ലെന്നും തന്നെ ശിക്ഷിക്കരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് ബി.ജെ.പി മന്ത്രിയുടെ വോട്ടഭ്യര്‍ത്ഥന. പഞ്ചാബിലെ തദ്ദേശഭരണ വകുപ്പ് മന്ത്രിയായ അനില്‍ ജോഷിയാണ് ജനങ്ങള്‍ക്കുമുന്നില്‍ ശിക്ഷ നല്‍കരുതെന്ന് യാചിച്ചുകൊണ്ട് വോട്ട് തേടുന്നത്. അമൃത്സര്‍ നോര്‍ത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് അനില്‍ ജോഷി.
തന്റെ പാര്‍ട്ടി അനുയായികളോട് തനിക്ക് വോട്ടഭ്യര്‍ത്ഥിക്കാന്‍ ജോഷി ആവശ്യപ്പെടുന്നുണ്ട്. നോട്ട് നിരോധന വിഷയത്തില്‍ തനിക്ക് പങ്കില്ലെന്നും ജനങ്ങളുടെ അവാശത്തിന് പോരാടുന്ന ആളാണെന്നും പറയണമെന്നും ജോഷി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോട്ട് നിരോധനവുമായി തനിക്ക് ബന്ധമില്ലെന്ന് ജനത്തോട് വിശദീകരിക്കണമെന്നും അനില്‍ ജോഷി പ്രവര്‍ത്തകരോട് പറഞ്ഞു. പ്രവര്‍ത്തകരോട് മാത്രമല്ല, മന്ത്രിയുടെ നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥനയിലും തനിക്ക് നോട്ട് നിരോധനത്തില്‍ പങ്കില്ലെന്നും ശിക്ഷിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തിരഞ്ഞെടുപ്പില്‍ ഫലിക്കില്ലെന്നായിരുന്നു ജോഷിയുടെ പ്രതികരണം. നോട്ട് നിരോധനം മൂലം ഉണ്ടായ പ്രശ്നങ്ങള്‍ 90 ശതമാനവും അവസാനിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
സ്വന്തം മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിച്ചെന്ന് ബിജെപിക്കുള്ളില്‍ നിന്നു തന്നെ അനില്‍ ജോഷിയ്ക്കെതിരെ പരാതിയുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു മണ്ഡലത്തിലെ വികസനമെന്നും ആരോപണമുയരുന്നുണ്ട്.