X

നോട്ട് അസാധുവാക്കല്‍: തിരികെ വന്ന പണം എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന് ഊര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ ശേഷം തിരികെ എത്തിയ പണം എത്രയെന്ന് എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍. ന്യൂഡല്‍ഹിയില്‍ ശ്രീ.വീരപ്പമൊയ്‌ലി അധ്യക്ഷനായ ധനകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതി മുമ്പാകെ ഹാജരായി നല്‍കിയ വിശദീകരണത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യമറിയിച്ചത്. ഞായറാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസം 24 മണിക്കൂറും ജീവനക്കാര്‍ തിരികെ വന്ന നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തി വരികയാണെന്നും ഇത് വേഗത്തിലാക്കാന്‍ കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മറ്റ് അവധി ദിവസങ്ങള്‍ റദ്ദാക്കിയാണ് നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് എന്നാല്‍ ഇത് എന്ന് പൂര്‍ത്തിയാകുമെന്ന് പറയാന്‍ കഴിയില്ലെന്നും ഊര്‍ജ്ജിത് പട്ടേല്‍ അറിയിച്ചു. അതേസമയം, ആര്‍ബിഐ ഗവര്‍ണറുടെ മറുപടിയില്‍ മിക്ക അംഗങ്ങളും അസംതൃപ്തരാണ്. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് സമിതിയില്‍ ഹാജരായിരുന്നുവെങ്കിലും ആര്‍ബിഐ ഗവര്‍ണറോട് ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ഇതു രണ്ടാംതവണയാണ് റിസര്‍വ്വ്ബാങ്ക് ഗവര്‍ണറെ ധനകാര്യ സമിതി വിളിച്ചുവരുത്തുന്നത്. പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ വീരപ്പമൊയ്‌ലി അറിയിച്ചു.

chandrika: