ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദത്തേക്കാള്‍ കൂടുതല്‍, ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നത് ‘പ്രണയ’മാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കു പരിശോധിച്ചപ്പോഴാണ് പ്രണയത്തിന്റെ ‘ഭീകരത’ വെളിവാക്കുന്ന വസ്തുതകള്‍ വ്യക്തമായത്. 2001നും 2015നും ഇടയ്ക്ക് സംഭവിച്ച 38,585 കൊലപാതകങ്ങളുടെ കാരണം പ്രണയമാണ്.
മാത്രമല്ല, ഇക്കാലയളവില്‍ 79,189 പേര്‍ പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ തട്ടിക്കൊണ്ടുപോയവരുടെ എണ്ണം 2.6 ലക്ഷവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് ശരാശരി ഒരു ദിവസം ഏഴ് കൊലപാതകങ്ങളും 14 ആത്മഹത്യകളും 47 തട്ടിക്കൊണ്ടുപോകലുമെന്ന് ചുരുക്കം.
അതേസമയം ഈ കാലയളവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ആകെ എണ്ണം 20000 ആണ്. പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ മുന്നിലുള്ളത് ആന്ധ്രപ്രദേശാണ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഈ സംസ്ഥാനങ്ങളിലെല്ലാം ഇത്തരം മൂവായിരത്തിലധികം കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രണയത്തകര്‍ച്ചയില്‍ നിരാശരായി പുരുഷന്‍മാര്‍ ചെയ്ത കൊലപാതകങ്ങളും വീട്ടുകാരുടെ അനുമതിയില്ലാത്തതിനാല്‍ കമിതാക്കള്‍ ജീവനൊടുക്കിയ സംഭവങ്ങളും ജാതിയുടെ പേരിലുള്ള കൊലപാതകങ്ങളും ഇക്കൂട്ടത്തിലുണ്ട്. പ്രണയനൈരാശ്യം മൂലം ഏറ്റവുമധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 14 വര്‍ഷത്തിനിടെ (2012ലെ കണക്ക് ലഭ്യമല്ല) 15,000ല്‍ അധികം ആളുകളാണ് ബംഗാളില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. 15 വര്‍ഷത്തിനിടെ 9,405 പേര്‍ ജീവനൊടുക്കിയ തമിഴ്‌നാടാണ് ഇക്കാര്യത്തില്‍ രണ്ടാമത്. ആസാം, ആന്ധ്രപ്രദേശ്, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ 5,000ല്‍ അധികം ആത്മഹത്യകളുമായി തൊട്ടുപിന്നിലുണ്ട്.