ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പി പഞ്ചാബ് ഘടകത്തില്‍ ആഭ്യന്തര കലഹം രൂക്ഷം. കേന്ദ്രമന്ത്രി വിജയ് സാംപ്ല പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിക്കൊരുങ്ങിയതായി സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ആഭ്യന്തര കലഹം രൂക്ഷമാക്കിയത്. പാര്‍ട്ടി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഇടപെട്ട് സാംപ്ലയെ അനുനയിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് അദ്ദേഹം വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാര്‍ത്ഥികളുടെ പേര് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പഗ്്‌വാര മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ സോം പ്രകാശിന്റെ പേര് ഉള്‍പ്പെട്ടതാണ് സാംപ്ലയെ ചൊടിപ്പിച്ചത്. സോം പ്രകാശിനെ മാറ്റി പകരം താന്‍ നിര്‍ദേശിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സാംപ്ല ആവശ്യപ്പെട്ടിരുന്നെങ്കിലും ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഈ നിര്‍ദേശം തള്ളുകയായിരുന്നു. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ വോട്ടെടുപ്പ്.