X
    Categories: indiaNews

ശിവസേന നേതാവ് സഞ്ജയ് റാവത്തും മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തി

മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു. ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഇന്നലെ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതായി സഞ്ജയ് റാവത്ത് പ്രതികരിച്ചു.. സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. കൂടാതെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അറിയാമായിരുന്നെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്‍ ശത്രുക്കളല്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.

എന്നാല്‍, ശിവസേനയുടെ മുഖപത്രമായ സാമ്‌നക്കു വേണ്ടി ഫഡ്‌നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്‌നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നല്‍കിയെന്നും ഉപാധ്യായ പറഞ്ഞു.

 

 

chandrika: