ദമസ്‌കസ്: യുദ്ധഭൂമിയില്‍ ഒരു ഫോട്ടോഗ്രാഫറുടെ ധര്‍മമെന്താണ്? ദുരന്തദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണോ പ്രാണനുവേണ്ടി പിടയുന്നവരെ സഹായിക്കണോ? ഏതൊരു യുദ്ധഫോട്ടോഗ്രാഫറെയും പ്രയാസപ്പെടുത്തുന്ന ചോദ്യങ്ങളാണ് ഇവയെല്ലാം. സിറിയയില്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 68 കുട്ടികളടക്കം 126 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ സിറിയന്‍ യുദ്ധ ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ ഖാദര്‍ ഹബാകിനെയും ഇതേ ചോദ്യങ്ങള്‍ വേട്ടയാടി.
ഭീകരമായ ആ ദൃശ്യങ്ങള്‍ക്കു മുന്നില്‍ ഫോട്ടോഗ്രാഫറുടെ വേഷം അഴിച്ചുവെക്കാനാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. പരിക്കേറ്റ് പിടയുന്ന കുഞ്ഞുങ്ങളുടെ ദൈന്യതയിലേക്ക് ക്യാമറ തിരിക്കാന്‍ ഹബാകിന് സാധിച്ചില്ല. അദ്ദേഹം ക്യാമറ വലിച്ചെറിഞ്ഞ് പരിക്കേറ്റരെ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തകരോടൊപ്പം കൂടി. ദുരന്ത ഭൂമിയില്‍ ആരെ സഹായിക്കണമെന്ന് അറിയാതെ ഹബാക് ഓടി നടന്നു.
ആദ്യം ഒരു കുട്ടിയെയാണ് വാരിയെടുത്തത്. പക്ഷെ, ഹബാകിന്റെ രക്ഷാകരങ്ങള്‍ എത്തുന്നതിനു മുമ്പു തന്നെ ആ കുഞ്ഞ് മരിച്ചിരുന്നു. നിരാശനായോടെ മറ്റൊരു കുട്ടിയുടെ അടുത്തേക്ക് ഓടിയടുത്തു. ആ കുഞ്ഞ് മരിച്ചിട്ടുണ്ടെന്നും മാറിപ്പോകണമെന്നും ചിലര്‍ അദ്ദേഹത്തോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഹബാക് പിന്‍മാറിയില്ല.
രക്തത്തില്‍ കുളിച്ച അവന് നേരിയ ശ്വാസമുണ്ടെന്ന് ഹവാബ് മനസിലാക്കി. അദ്ദേഹം അവനെ വാരിയെടുത്ത് ആംബൂലന്‍സ് ലക്ഷ്യമാക്കി ഓടി. ‘അപ്പോള്‍ ആ കുഞ്ഞ് എന്റെ കൈയില്‍ മുറുകെ പിടിച്ച് എന്നെ നോക്കിക്കൊണ്ടിരുന്നു’-ഹബാക് പറഞ്ഞു. അവനെ ആംബുല്‍സില്‍ കിടത്തി മറ്റൊരു കുട്ടിയുടെ അടുത്തേക്ക് ചെന്നു.
ആ കുരുന്ന് മരിച്ചിട്ടുണ്ടെന്ന് മനസിലായപ്പോള്‍ ഹബാക് തകര്‍ന്നുപോയി. ചേതനയറ്റു കിടക്കുന്ന കുഞ്ഞു ശരീരത്തിനു സമീപം മുട്ടുകുത്തിയിരുന്ന് അദ്ദേഹം തേങ്ങിക്കരഞ്ഞു.
- 8 years ago
chandrika
Categories:
Culture