ക്രൈംബ്രാഞ്ചിന് എതിരെ രൂക്ഷവിമര്‍ശനവുമായി സ്വപ്ന സുരേഷ്. ഗൂഢാലോചന കേസില്‍ മൊഴിയെടുക്കാന്‍ വിളിച്ചിട്ട് തന്നോട് വീണ വിജയന്റെ സാമ്പത്തിക ഇടപാടിന്റെ തെളിവുകളാണ് ചോദിക്കുന്നതെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി തന്നെയും തന്റെ കുടുംബത്തിന്റെയും അന്നം മുട്ടിച്ചു. അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തൃപ്തിയായോ എന്നും സ്വപ്നാ സുരേഷ് ചോദിച്ചു.
ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നം മുട്ടിച്ച മുഖ്യമന്ത്രിയാണ്… അദ്ദേഹത്തെക്കുറിച്ച് സത്യങ്ങള്‍ പുറത്തു കൊണ്ടുവന്നതിന് അദ്ദേഹം എന്നെ ഉപദ്രവിക്കുകയാണ്. മുഖ്യമന്ത്രിക്ക് മാത്രമല്ല മകള്‍ ഉള്ളത്.. കേരളത്തിലെ എല്ലാ പെണ്‍മക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട് സ്വപ്നാ സുരേഷ് പറഞ്ഞു.
ക്രൈംബ്രാഞ്ചിന് അനുസരിച്ചില്ലെങ്കില്‍ മറ്റു കലാപ കേസുകളില്‍ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജോലിയില്ലാതെ തെരുവില്‍ അലയേണ്ടി വന്നാലും ഞാനെന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കും. സത്യം തെളിയുന്നതിനായി ഏത് അറ്റം വരെയും പൊരുതും സ്വപ്ന സുരേഷ് പറഞ്ഞു.
അതേസമയം വീണ വിജയന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡി ക്ക് നല്‍കിയ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സ്വപ്നസുരേഷ് കൂട്ടിച്ചേര്‍ത്തു.