ജനുവരി ഒന്നിനുള്ള പുതുവത്സരാഘോഷത്തില്‍നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് ബി.ജെ.പി നേതാവും എം.എല്‍.എയുമായ ടി. രാജ സിങ്. ഹിന്ദു ആചാരങ്ങള്‍ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ഇന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
നേരത്തെ നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ചയാളാണ് രാജ സിങ്. പുതുവത്സരാഘോഷത്തിന് പകരം ഹിന്ദു ധര്‍മം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണ?മെന്നും അദ്ദേഹം ഹിന്ദു യുവാക്കളെ ഉപദേശിച്ചു.
‘ഇത് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിയ വലിയ ഗൂഢാലോചനയാണ്. നാം ആ കെണിയില്‍ വീഴുകയും വരും തലമുറകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും ഹിന്ദു യുവാക്കള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പബ്ബുകളിലേക്കും ബാറുകളിലേക്കും റിസോര്‍ട്ടുകളിലേക്കും തിരിയുന്ന പ്രവണത താന്‍ നിരീക്ഷിക്കുന്നുണ്ട്’ -രാജ സിങ് പറഞ്ഞു.
‘ജനുവരി ഒന്ന് ഇംഗ്ലീഷുകാരുടെ പുതുവര്‍ഷമാണ്. സനാതനികളുടെ (ഹിന്ദുക്കളുടെ) അല്ല. മറ്റ് സമുദായങ്ങളുടെ പുതുവര്‍ഷത്തെ ആളുകള്‍ സ്വാഗതം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഉഗാദി ഉത്സവം, ചൈത്ര ശുക്ല പ്രതിപദ എന്നിവയാണ് നമ്മുടെ പുതുവര്‍ഷം ആരംഭിക്കുന്നത്’ -രാജാ സിങ് പറഞ്ഞു. പുതുവത്സരം ആഘോഷിക്കാന്‍ അമിതവേഗതയില്‍ വാഹനമോടിച്ച് റോഡില്‍ മരിക്കുന്നതിന് പകരം ഹിന്ദു ധര്‍മ്മത്തിനും ലവ് ജിഹാദിനും വേണ്ടി യുവാക്കള്‍ ജീവന്‍ ബലിയര്‍പ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു.