X

‘നീതിയല്ല, നീതിയിലേക്കുള്ള ഒരു വാതിൽ കൂടി തുറന്നു’; കോടതി ഉത്തരവിൽ പ്രതികരണവുമായി അരിയിൽ ഷുക്കൂറിന്റെ സഹോദരൻ

സി.പി.എമ്മിന്റെ ആള്‍ക്കൂട്ട വിചാരണക്കൊടുവില്‍ നൂറുകണക്കിനാളുകളുടെ കണ്‍മുന്നില്‍വെച്ച് പാവപ്പെട്ട ചെറുപ്പക്കാരന്‍ അരിയില്‍ ഷൂക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹരജി തള്ളി സി.ബി.ഐ പ്രത്യേക കോടതി ഉത്തരവില്‍ പ്രതികരണവുമായി ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് അരിയില്‍. ‘നീതിയല്ല, നീതിയിലേക്കുള്ള ഒരു വാതില്‍ കൂടി തുറന്നു.. ഓടിയിട്ടും ഓടിയിട്ടും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു എന്നതാണ് വിചിത്രം..’ -എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ?പ്രാര്‍ത്ഥനയോടെ, പ്രതീക്ഷയോടെ കൂടെ നിന്നവരോടുള്ള നന്ദിയും കടപ്പാടും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.. സര്‍വ്വശക്തനായ അല്ലാഹുവിലുള്ള വിശ്വാസമാണ് പ്രതീക്ഷ -ദാവൂദ് വ്യക്തമാക്കി.

പി.ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് 2012 ഫെബ്രുവരി 20ന് 30 ഓളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള വയലില്‍ പരസ്യവിചാരണ നടത്തി ക്രൂരമായി കൊലപ്പെടുത്തിയത്. ജയരാജനെയും രാജേഷിനേയും പ്രവേശിപ്പിച്ചിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നു എന്നാണ് സി.ബി.ഐ പറയുന്നത്.

കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്‌പെഷല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഇന്ന് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി പി. ശബരിനാഥന്‍ തള്ളിയത്. നേരത്തെ സി.ബി.ഐ കുറ്റപത്രത്തില്‍ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു.

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈകോടതി കേസന്വേഷണം സി.ബി.ഐക്ക് വിട്ടു.

webdesk13: