X

അസര്‍ബൈജാനു കീഴില്‍ ജീവിക്കാന്‍ താല്‍പര്യമില്ല; അര്‍മീനിയയിലേക്ക് കൂട്ട പലായനം

ബാകു: നഗാര്‍ണോ-കരാബാഗില്‍ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന മേഖല കൂടി അസര്‍ബൈജാന്‍ പിടിച്ചെടുത്തതിനു പിന്നാലെ അര്‍മീനിയന്‍ വംശജര്‍ കൂട്ടപലായനം ആരംഭിച്ചു. പതിനായിരക്കണക്കിന് അര്‍മീനിയന്‍ വംശജരാണ് നഗാര്‍ണോ-കരാബാഗ് വിടുന്നത്. ഇവരെ ഏറ്റെടുക്കാന്‍ തയാറാണെന്ന് അര്‍മീനിയന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

അസര്‍ബൈജാനു കീഴില്‍ ജീവിക്കാന്‍ താല്‍പര്യമില്ലാത്ത 120,000 സിവിലിയന്മാര്‍ അര്‍മീനിയയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ വംശീയ ഉന്മൂലന ഭീഷണി നേരിടുന്നതായി പ്രധാനമന്ത്രി നികോല്‍ പഷ്‌നിയാന്‍ പറഞ്ഞു. അര്‍മീനിയയിലേക്ക് പോകാനായി ആയിരക്കണക്കിന് ആളുകളാണ് നഗാര്‍ണോ-കരാബാഗിലെ വിമാനത്താവളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. അവിടെനിന്നുള്ള സഹോദരന്മാരെയും സഹോദരിമാരെയും സ്വാഗതം ചെയ്യുന്നതായി പഷ്‌നിയാന്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച അസര്‍ബൈജാന്‍ നടത്തിയ സൈനിക നടപടിയില്‍ 200 ലേറെ പേര്‍ കൊല്ലപ്പെടുകയും 400ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അര്‍മീനിയ പറയുന്നുണ്ട്. അസെറി സേനയുടെ ആക്രമണത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ അര്‍മീനിയന്‍ വിഘടനവാദികള്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ മേഖലയില്‍ ജീവിക്കുന്ന അര്‍മീനിയക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ ഹാം അലിയേവ് പറഞ്ഞു.

webdesk11: