ഇസ്‌ലാമാബാദ്: സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്ന ആവശ്യവുമായി പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വീണ്ടും രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ഭൂതകാലത്തില്‍ തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ മാത്രം നിലനില്‍ക്കില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വരെ തങ്ങള്‍ കാത്തിരിക്കാം. പക്ഷെ അതിന് ശേഷം ഇന്ത്യ തീര്‍ച്ചയായും പ്രതികരിക്കണമെന്നും ഇംറാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് പാകിസ്താനില്‍ സ്വതന്ത്രനായി നടക്കുന്നതിനെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കും ഖാന്‍ മറുപടി നല്‍കി. ഹാഫിസ് സയിദിനെതിരെ യുഎന്‍ ഉപരോധമുണ്ട്. അത് നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ താനുണ്ടാക്കിയതല്ല. അത് കാലങ്ങളായി നടന്ന് തന്നിലേക്ക് വന്നുചേര്‍ന്നതാണ്. ഭീകരവാദത്തിന് പാക് മണ്ണ് ഉപയോഗിക്കാതിരിക്കുക എന്നത് തങ്ങളുടെ താത്പര്യംകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കര്‍തര്‍പുര്‍ ഇടനാഴിയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏക പ്രശ്‌നം കശ്മീര്‍ മാത്രമാണെന്നും ചര്‍ച്ചകളിലൂടെയാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.