ആര്‍എസ്എസ് നേതാക്കളെ കാണുന്നത് എഡിജിപിയുടെ ശീലമായെന്ന് വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി. കെ സുരേന്ദ്രന്‍ പോലും ഇത്രയും ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പൂരില്‍ ആണെന്ന് വ്യക്തമാകുകയാണെന്നും ഇദ്ദേഹത്തിന്റെ ശമ്പളം നാഗ്പൂരില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ഷാഫി വിമര്‍ശിച്ചു. എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ലെന്നും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിആര്‍ ഏജന്‍സിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്‍കിയ കാര്യങ്ങളാണ് പത്രത്തില്‍ വന്നതെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ഇത് പിആര്‍ ഏജന്‍സിക്ക് പറ്റിയ പിഴവ് ആണെന്ന്? ഇനി പിഴവ് പറ്റിയെങ്കില്‍ അപ്പൊ തിരുത്തണ്ടേ. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന മാധ്യമഉപദേഷ്ടാക്കള്‍ ഇല്ലേ. എന്തിനാണ് ഹിന്ദുവിന് തന്നെ ഇന്റര്‍വ്യൂ നല്‍കിയത്. ഇത് ഡല്‍ഹിയില്‍ ആര്‍എസ്എസ് നേതാക്കളുടെ കയ്യിലെത്താന്‍ വേണ്ടിയാണ്. അവര്‍ അറിയട്ടെ എന്ന് കരുതിയാണ് ഹിന്ദുവിന് ഇന്റര്‍വ്യൂ നല്‍കിയത് – ഷാഫി വ്യക്തമാക്കി.
പൂരം കലക്കിയതിലുള്ള തിരിച്ചടി പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.