ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ചൊവ്വാഴ്ചയാണ് അമേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിള്‍ പുത്തന്‍ ഐഫോണ്‍ സീരിയസായ ഐഫോണ്‍ 12 അവതരിപ്പിച്ചത്. പുത്തന്‍ സ്‌പെഷ്യാലിറ്റീസുമായാണ് ഐഫോണ്‍ 12 സീരിയസിന്റെ വരവ്. എന്നാല്‍ നിങ്ങള്‍ ഐഫോണ്‍ 12 വാങ്ങുകയാണെങ്കില്‍ പുത്തന്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ കൂടെ ലഭിക്കാറുള്ള ചാര്‍ജറും ഇയര്‍പോഡ്‌സ് ഹെഡ്‌ഫോണുകള്‍ ഇനി ബോക്‌സില്‍ കാണില്ല. പകരം USB-C ലൈറ്റ്‌നിംഗ് കേബിള്‍ മാത്രമായിരിക്കും ലഭിക്കുക. ചാര്‍ജര്‍ അക്‌സെസ്സറിയായാണ് ആപ്പിള്‍ വില്‍ക്കുക. അതായത് പ്രത്യേകം വില കൊടുത്ത് വേണം ഇനി ചാര്‍ജര്‍ വാങ്ങാന്‍.
അതെ സമയം പുത്തന്‍ ഐഫോണ്‍ 12ന് മാത്രമല്ല എല്ലാ ഐഫോണുകള്‍ക്കൊപ്പവും (ഐഫോണ്‍ 11, XR, SE (2020) തുടങ്ങിയവ) ഇനി മുതല്‍ ചാര്‍ജര്‍, ഇയര്‍പോഡ്‌സ് ഹെഡ്‌ഫോണ്‍ എന്നിവ ലഭിക്കില്ല. ഇനി ബോക്‌സില്‍ USB-C ലൈറ്റ്‌നിംഗ് കേബിള്‍ മാത്രമേ ലഭിക്കൂ എന്ന് ആപ്പിള്‍ സ്‌റ്റോര്‍ ഓണ്‍ലൈന്‍ വ്യക്തമാക്കുന്നു.
എന്നാല്‍ പരിസ്ഥിതി സൗഹാര്‍ദ നീക്കത്തിന്റെ ഭാഗമായാണ് ചാര്‍ജര്‍ നല്‍കാത്തതെന്നാണ് ആപ്പിള്‍ പറയുന്നത്. ചാര്‍ജര്‍ ഒഴിവാകുമ്പോള്‍ ഐഫോണ്‍ ബോക്‌സുകളുടെ വലിപ്പം കുറയും. ഇതോടെ ഈ ബോക്‌സുകള്‍ നിര്‍മ്മിക്കാനാവശ്യമായ കടലാസ്സ് പോലുള്ള പ്രകൃതിദത്തമായ അസംസ്‌കൃതവസ്തുക്കള്‍ കുറച്ചേ ആവശ്യമുള്ളൂ. ഒപ്പം ബോക്‌സിന്റെ വലിപ്പം കുറയുന്നത് 70 ശതമാനം കൂടുതല്‍ ഐഫോണുകള്‍ കയറ്റി അയക്കാന്‍ ലോജിസ്റ്റിക് വിഭാഗത്തെ സഹായിക്കും എന്നും ആപ്പിള്‍ കണക്ക് കൂട്ടുന്നു.