യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ കനിവ് ഒമ്പതാം പ്രതിയാണ്.
മൂന്ന് ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മകനെതിരെ വ്യാജ വാര്‍ത്തയാണ് പുറത്ത് വന്നതെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം.
തുടര്‍ന്നാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത് വന്നത്. കനിവ് ഉള്‍പ്പെടെ ഒമ്പത് പേരെയാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
രഹസ്യ വിവരം ലഭിച്ച കുട്ടനാട് എക്‌സൈസ് സംഘം മഫ്തിയില്‍ എത്തിയാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാലത്തിനടിയില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘത്തെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.