X
    Categories: keralaNews

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Chandrika Web: