X

കുടിപ്പകയല്ല, കടപ്പാടുകളുടെ ചരിത്രം-പി.എം.എ സമീര്‍

കോഴിക്കോട് മിഠായിത്തെരുവില്‍ നിന്നൊരു മനോഹരചിത്രം കഴിഞ്ഞദിവസം ഫോണിലാരോ പങ്കുവെച്ചിരുന്നു. ഹൃദയംതുറന്ന് ചിരിച്ചുല്ലസിച്ചിരിക്കുന്ന ഒരുമ്മയും ഒരമ്മയും. കണ്ണിമചിമ്മാതെ നോക്കിനില്‍ക്കാവുന്നൊരു ചിത്രം. എന്തൊരു ഭംഗിയായിരുന്നു അതിന്!. സത്യത്തില്‍ കേരളത്തിന്റെ ഏതു നഗര ഗ്രാമവഴികളിലും അത്തരം കാഴ്ചകളുണ്ട്. ക്യാമറകള്‍ക്ക് മടുക്കുവോളം ഒപ്പിയെടുക്കാവുന്നത്ര മനോഹര ജീവിത ചിത്രങ്ങള്‍. ആ സ്‌നേഹക്കാഴ്ചകളാണ് കേരളത്തിന്റെ വലിയ സമ്പത്ത്. ഇന്ത്യയെന്ന വിശാലമായ ഭൂപ്രദേശത്ത്, കേരളം അത്തരം ജീവിതാനുഭവങ്ങളുടെ ഒരു തുരുത്തായി തോന്നാറില്ലേ നമുക്ക്? ജാതിയും വര്‍ഗങ്ങളും മതങ്ങളും ഭിന്നസ്വരങ്ങളും വൈരുധ്യങ്ങളും ഇടകലര്‍ന്ന് സഹവസിക്കുന്ന ബഹുസ്വരതയാണ് നമ്മുടെ നാടിന്റെ സവിശേഷത. അത്തരം സഹജീവിതാനുഭവങ്ങള്‍ കേരളത്തിന് പുറത്ത് വിരളമാണ്. മൂന്നരക്കോടിയോളം മനുഷ്യര്‍ സഹവസിച്ച് ജീവിക്കുമ്പോള്‍ ചില അപസ്വരങ്ങളൊക്കെയുണ്ടാവാം. കടുത്ത വിശ്വാസങ്ങളും പ്രത്യയശാസ്ത്ര ശാഠ്യങ്ങളും പുലര്‍ത്തുന്ന മനുഷ്യര്‍ ഒത്തുപുലരുമ്പോള്‍ ചിലപ്പോഴൊക്കെ സംഘര്‍ഷങ്ങളുണ്ടാവാറുണ്ട്. അതൊക്കെ നിത്യകലഹങ്ങളും കലാപങ്ങളുമായി പടരാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കേരളീയ സമൂഹം പുലര്‍ത്തിപ്പോരുന്നു. നമ്മുടെ നവോത്ഥാന മൂല്യങ്ങളും ഉയര്‍ന്ന രാഷ്ട്രീയ സാക്ഷരതയും മതസമൂഹങ്ങളുടെ ജാഗ്രതയുമൊക്കെ നിരന്തര കലഹങ്ങളും രക്തചൊരിച്ചിലുകളും നിയന്ത്രിച്ചുനിര്‍ത്തുന്നു. നമ്മുടെ നാട്ടിലെ മതസമൂഹങ്ങളൊക്കെ കേരളീയമായൊരു സാംസ്‌കാരിക മേന്മ പുലര്‍ത്തുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് പുതിയ ഇന്ത്യയില്‍ ബീഫ് കഴിക്കുന്ന മതവിശ്വാസികള്‍ തോളുരുമ്മി ജീവിക്കുന്ന നാടാണ് കേരളം. സഹജീവിതവും സഹവര്‍ത്തിത്വവും കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മൂലധനമാണെന്ന് ചുരുക്കം.

പതിറ്റാണ്ടുകള്‍കൊണ്ട് ആര്‍ജിച്ചെടുത്ത ഈ സവിശേഷത തകര്‍ന്നു കാണുകയാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യം. കോടിക്കണക്കിന് മനുഷ്യരുടെ ജീവിത സഹവര്‍ത്തിത്വത്തിലെ ചെറിയ പിഴവുകളും വീഴ്ചകളും പര്‍വതീകരിച്ച് നാടൊട്ടുക്ക് സംഘര്‍ഷങ്ങളും ഭീതിയും വിതയ്ക്കുക. നുണയുത്പാദിപ്പിച്ച് മനുഷ്യരെ വിഭജിക്കുക. ഫാസിസ്റ്റുകളുടെ ഈ തന്ത്രമാണ് ഉത്തരേന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്. കേരളത്തില്‍ പക്ഷേ, ഈ കുതന്ത്രങ്ങള്‍ക്ക് വേരുപിടിക്കാന്‍ ഇനിയും കളമൊരുങ്ങേണ്ടതുണ്ട്. അതിനുള്ള അവസരം പാര്‍ത്തിരിപ്പാണ് വര്‍ഗീയ കോമരങ്ങള്‍.

ആലപ്പുഴയിലും പാലക്കാടുമായി കഴിഞ്ഞ നാലു മാസത്തിനിടയില്‍ നടന്ന രണ്ട് ഇരട്ടകൊലപാതകങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍. പരസ്പരം കുടിപ്പകയിലാണ്ട രണ്ടു സംഘങ്ങള്‍; ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും. വിശാലമായ ഇന്ത്യന്‍ കാന്‍വാസില്‍, ആര്‍.എസ്.എസ് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ രൂപത്തിന്റെ ആശയസ്രോതസ്സ്. പോപ്പുലര്‍ഫ്രണ്ടാകട്ടെ കേരളത്തിലെ ഒരു ചെറുന്യൂനപക്ഷവും. കേരളത്തില്‍ ജനസംഖ്യാനുപാതികമായി ഇവ രണ്ടും ന്യൂനപക്ഷമാണ്. എന്നാല്‍ അക്രമങ്ങളും കൊലവിളികളും കൊലപാതകങ്ങളുമായി രണ്ടു സംഘങ്ങളും ഇവിടെയിന്ന് സജീവമാണ്. സുരക്ഷാവീഴ്ചയും ആഭ്യന്തര വകുപ്പിന്റെ പരാജയവും ചര്‍ച്ച ചെയ്യുന്നതോടൊപ്പം ചിലകാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ അതിക്രമ പരമ്പരകള്‍ അരങ്ങേറുന്ന സന്ദര്‍ഭത്തിലാണ് കേരളത്തില്‍ ഒടുവിലത്തെ ഇരട്ടക്കൊലകള്‍ സംഭവിക്കുന്നത്. ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലേക്ക് ഈ കുടിപ്പകക്കൊലകളെ ചേര്‍ത്തുവെച്ച് ന്യായീകരണം ചമയ്ക്കാന്‍ ശ്രമിക്കുകയാണ് ചില മുസ്‌ലിം ബുദ്ധിജീവികള്‍ പോലും. വൈകാരികാന്ധത എന്നല്ലാതെ മറ്റൊന്നും ഇതേക്കുറിച്ച് പറയാനില്ല. പി.എഫ്.ഐ എന്ന കുടിപ്പക സംഘം സ്വയം എടുത്തണിഞ്ഞിരിക്കുന്ന സമുദായ മേല്‍ക്കുപ്പായത്തിന് കിരീടം ചാര്‍ത്തുന്ന പണിയാണിത്. സംഘ്പരിവാര്‍ സംഘടനകളോട് ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അമര്‍ഷത്തെ കേരളത്തില്‍ കൊലക്കളം തീര്‍ത്ത് പരിഹരിക്കാമെന്നാണോ നാം കരുതുന്നത്?

‘കേരളീയ മുസ്‌ലിം’ എന്നത് സവിശേഷമായ ഒരസ്തിത്വ നാമമാണ്. ഇന്ത്യയിലെ മറ്റു മുസ്‌ലിംകളെ അപേക്ഷിച്ച് രാഷ്ട്രീയവും സാംസ്‌കാരികവുമായ മൂലധനമേറെയുള്ള ഒരസ്തിത്വമാണത്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും കേരളത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയാനുഭവങ്ങളിലൂടെ കടന്നുപോയവരാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍. വിഭജനത്തിന്റെ മുറിപ്പാടുകളും നിരന്തര കലാപങ്ങളും നേതൃശൂന്യതയും മുഖ്യധാരയില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ടവരാക്കി അവരെ മാറ്റി. രാഷ്ട്രീയമായ ഒരധികാരവുമില്ലാത്ത ആള്‍ക്കൂട്ടമായി കടുത്ത അവഗണനകളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ട ആ ജനതയുടെ ജീവിതം അവര്‍ക്കും നമുക്കും പാഠപുസ്തകമാണ്. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ അനുകൂല ഘടകങ്ങളും, ദിശാബോധവും ദീര്‍ഘവീക്ഷണവും കൈമുതലായ ശക്തമായ നേതൃത്വവും കേരളീയ മുസ്‌ലിംകളുടെ നിലയെ താരതമ്യേന മെച്ചപ്പെട്ടതാക്കി. കേരളത്തിലെ മുസ്‌ലിംകള്‍ക്ക് വിഭജനത്തിന്റെ മുറിപ്പാടുകളും പ്രത്യാഘാതങ്ങളും അത്ര കാഠിന്യത്തില്‍ നേരിട്ടനുഭവിക്കേണ്ടിവന്നിട്ടില്ല. രാജ്യത്തിന്റെ തെക്കേ മുനമ്പിലായത് കൊണ്ടുകൂടിയായിരുന്നു അത്. കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തുടര്‍ച്ചകളും ഇവിടെ ഉണ്ടായില്ല.

സാമൂഹികവും സാംസ്‌കാരികവുമായ സഹജീവനത്തിന്റെ ചരിത്ര പാരമ്പര്യത്തെ ഇന്ധനമാക്കിയ രാഷ്ട്രീയ സംഘാടനമാണ് കേരളീയ മുസ്‌ലിമിന്റെ ഏറ്റവും വലിയ കരുത്ത്. മുസ്‌ലിംലീഗെന്ന രാഷ്ട്രീയ ആശയമാണ് കേരളീയ മുസ്‌ലിമിന്റെ അഭിമാനകരമായ അസ്തിത്വത്തിന് അടിത്തറ പാകിയത്. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ നെഞ്ചോടുചേര്‍ത്ത് മുസ്‌ലിംലീഗ് സാക്ഷാല്‍കരിച്ച സഹവര്‍ത്തന രാഷ്ട്രീയമാണ് കേരളീയ മുസ്‌ലിമിന്റെ ഇന്നത്തെ രാഷ്ട്രീയസ്ഥാനം നിര്‍ണയിച്ചത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സാംസ്‌കാരിക അഭിവൃദ്ധിയിലേക്ക് നയിച്ച സഹനത്തിന്റെയും സമരത്തിന്റെയും നയതന്ത്രത്തിന്റെയും ദീര്‍ഘചരിത്രം കൂടിയാണത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേട്ടയാടപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ എല്ലാജനാധിപത്യ മതനിരപേക്ഷകക്ഷികളും ഒന്നിക്കേണ്ടതുണ്ട്. കേരളത്തിലോ മറ്റുനാടുകളിലോ ശഹീദുകളെ സൃഷ്ടിക്കലല്ല അതിനുള്ള പരിഹാരം. അതിവൈകാരിക തീവ്ര നിലപാടുകളുയര്‍ത്തി ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചവരൊക്കെ, ആ ജനതയെ ബലിതിണ്ണകളിലേക്ക് ആട്ടിപ്പായിക്കുകയല്ലേ ചെയ്തത്. അതില്‍നിന്ന് ഇന്നുമവര്‍ രക്ഷകരെ തേടുകയാണ്. കുടിപ്പകസംഘങ്ങള്‍ അവര്‍ക്ക് രക്ഷകരാകുമെങ്കില്‍ സന്തോഷമേയുള്ളൂ. ഉത്തരേന്ത്യന്‍ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ആശങ്കയില്‍ പക്ഷേ യുദ്ധ കവചകുണ്ഡലങ്ങളുമായി അങ്ങോട്ടുപോകാന്‍ അവര്‍ തീരുമാനിക്കാത്തതെന്തുകൊണ്ടാണ്?. ഉത്തരേന്ത്യന്‍ മുസ്‌ലിം ജീവിതം ചൂണ്ടിക്കാട്ടി ഇവിടെ കലാപകൊടി ഉയര്‍ത്തുന്നതെന്തിനാണ്? കേരളീയര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെയൊക്കെ കവചകുണ്ഡലമേറ്റി നടക്കാന്‍ വിദൂരഭാവിയില്‍പോലും അവസരമുണ്ടാവാതിരിക്കട്ടെ.

പോപ്പുലര്‍ഫ്രണ്ട് ആര്‍.എസ്.എസ് കുടിപ്പക തീര്‍ക്കല്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള കുടിപ്പകയായി ചിത്രീകരിക്കേണ്ടത് അവരുടെമാത്രം ആവശ്യമാണ്. കേരളത്തെ സംബന്ധിച്ച് അതൊരു വലിയ നുണയാണ്. സാമ്രാജ്യത്വത്തോടും ഫാസിസത്തോടും മഹാപ്രളയങ്ങളോടും മതേതരത്വത്തിന്റെയും സഹനസഹവര്‍ത്തിത്വത്തിന്റെയും കൈകള്‍ കോര്‍ത്ത് പ്രാതികൂല്യങ്ങളോട് പടവെട്ടിയ ജനതയാണ് നാം. ഇവിടെ കുടിപ്പകയേക്കാള്‍ കടപ്പാടുകളുടെ വലിയ ചരിത്രമാണ് നമ്മെ വഴിനടത്തുന്നത്. എന്തു ന്യായങ്ങള്‍ ചമച്ചാലും ഈ വര്‍ഗീയ കോമരങ്ങളെ അനുഭാവപൂര്‍വം തലോടാനുള്ള മതനിരപേക്ഷ സമൂഹത്തിന്റെ ഏതൊരു ശ്രമവും കേരളീയ സമൂഹഗാത്രത്തിനേല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതാവില്ല.

Chandrika Web: