മഹേന്ദ്ര സിങ് ധോണിക്കെതിരായ ‘കലിപ്പ്’ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് മാനേജ്‌മെന്റ് ഇനിയും വിട്ടിട്ടില്ല. ഐ.പി.എല്‍ ആരംഭിക്കുന്നതിനു മുമ്പ് ധോണിയെ ക്യാപ്ടന്‍സിയില്‍ നിന്ന് നീക്കി സ്റ്റീവന്‍ സ്മിത്തിനെ ചുമതലയേല്‍പ്പിച്ചിച്ചിരുന്നു. ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദന്‍ ഹര്‍ഷ് ഗോയങ്കയാകട്ടെ, ആദ്യ മത്സരങ്ങളില്‍ ഫോമിലെത്താന്‍ കഴിയാതിരുന്ന ധോണിയെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി പരിഹസിക്കുകയും ചെയ്തു.
ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്ത് പരിക്കു കാരണം ഇന്ന് കളിക്കാതിരുന്നപ്പോള്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്തും സീനിയോറിറ്റിയുമുള്ള ധോണി ടീമിനെ നയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അജിങ്ക്യ രഹാനെയെയാണ് സ്മിത്തിന്റെ പകരക്കാരനായി മാനേജ്‌മെന്റ് ടീമിനെ നയിക്കാന്‍ ഏല്‍പ്പിച്ചത്.
ദേശീയ ടീമിന്റെ ക്യാപ്ടന്‍ ആയിരുന്നപ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലുള്ള രഹാനെയുടെ ദൗര്‍ബല്യം പരസ്യമായി വിമര്‍ശിച്ച ധോണിക്ക് ഒടുവില്‍ അതേ താരത്തിന്റെ നായകത്വത്തിനു കീഴില്‍ കളിക്കേണ്ടി വന്നത് ചരിത്രത്തിന്റെ മധുരപ്രതികാരമാവാം.
സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നുണ്ടാകുന്നത്. ധോണിയെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള മാനേജ്‌മെന്റിന്റെ നീക്കമാണ് ഇതെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്ടന്‍ എന്ന നിലയില്‍ രഹാനെ തന്നെയാണ് സ്മിത്തിന് പകരക്കാരനാവാന്‍ യോഗ്യന്‍ എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.