തെക്കന്‍ ലെബനനിലെ ഒരു ഗ്രാമം പോലും ഇസ്രാഈലി സൈന്യമായ ഐ.ഡി.എഫിന് പിടിച്ചെടുക്കാനിയില്ലെന്ന് ഇസ്രാഈല്‍ പത്രം. ഫലസ്തീനിലെ യുദ്ധം ഗസയില്‍ നിന്ന് ലെബനനിലേക്ക് വ്യാപിപ്പിച്ച സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
50,000ത്തിലധികം സൈനികരെ വിന്യസിച്ചിട്ടും ഇസ്രാഈല്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഹീബ്രു ഭാഷാ പത്രമായ യെദിയോത്ത് അഹ്രോനോത്താണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഒരു മാസം നീണ്ട യുദ്ധത്തില്‍ ഇസ്രാഈല്‍ തോല്‍വി രുചിച്ചുവെന്നാണ് പത്രം പറയുന്നത്. സൈന്യത്തെ 5 ഡിവിഷനുകളായി തിരിച്ചാണ് ലെബനനില്‍ ഐ.ഡി.എഫ് സൈനിക നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2006ലെ യുദ്ധത്തില്‍ വിന്യസിച്ച സേനയുടെ മൂന്നിരട്ടി വലിപ്പമുണ്ട് ഇപ്പോഴത്തെ സൈന്യത്തിനെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
2006ല്‍ പരാജയപ്പെട്ടെങ്കിലും ഇസ്രഈലിന് ചെറിയ തോതിലെങ്കിലും ലെബനനില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നുമാണ് പത്രം പറഞ്ഞത്. പീരങ്കികളുടെയും വ്യോമസേനയുടെയും സഹായമുണ്ടായിട്ടും ഇസ്രാഈലിന് പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും യെദിയോത്ത് അഹ്രോനോത്ത് പറഞ്ഞു.
ഈ തുടര്‍ച്ചയായ പരാജയം ഇസ്രാഈലിന് 1940കളുടെ അവസാനം മുതല്‍ നേരിട്ടതിനേക്കാള്‍ വലിയ നാശനഷ്ടം ഉണ്ടാക്കുമെന്നും പത്രം പറയുന്നു. ഹിസ്ബുല്ലയുടെ പ്രതിരോധത്തെ ചെറുക്കാന്‍ ഇസ്രഈലിന് സാധിക്കുന്നില്ലെന്നും സൈനികര്‍ ക്ഷീണിതരാണെന്നും പത്രം വിമര്‍ശിച്ചു.
അതേസമയം ലെബനനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,897 ലെബനന്‍ പൗരന്മാര്‍ ഇസ്രാഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 183 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ 95ലധികം ഇസ്രാഈലി സൈനികര്‍ ലെബനനുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. 900 സൈനികര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം 24 ഇസ്രഈലി സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ കണക്കുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പത്രം വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.