ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ പുതുവർഷത്തെ വരവേറ്റത് ഇങ്ങനെയാണ്. രാജ്യത്തെ പൗരൻമാർക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തയച്ചും പിതാവിന്റെയും മുത്തച്ഛന്റെയും ശവകുടീരത്തിൽ സന്ദർശനം നടത്തിയും വേറിട്ട നടപടികളാണ് കിമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഉത്തരകൊറിയൻ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഭീഷണി പ്രസംഗങ്ങളൊന്നും ഇക്കുറി ഉണ്ടായിട്ടുമില്ല.
ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഭരണകൂടത്തെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്തതിന് കത്തിലൂടെ നന്ദിയും അറിയിച്ചു. ‘പുതുവർഷത്തിലും, നമ്മുടെ ജനങ്ങളുടെ ആദർശങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന യുഗം കൊണ്ടുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും’ കിം എഴുതി.
സാമ്പത്തിക പുരോഗതി നേടുമെന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ നിന്നും പരാജയപ്പെട്ടതിന് കിം ക്ഷമ ചോദിക്കുകയും ചെയ്തു. കിമ്മിന്റെ ഈ മനം മറ്റത്തെ ലോകം ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധനങ്ങൾക്കിടയിലും കോവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളെ അദ്ദേഹം സ്മരിക്കുകയും ചെയ്തു.