ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഒരാഴ്ചക്കിടെ കൊടുംതണുപ്പില്‍ മരിച്ചവരുടെ എണ്ണം 98 ആയി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ രക്തസമ്മര്‍ദം വര്‍ധിച്ചും രക്തം കട്ടപിടിച്ചും ഇന്നലെ മാത്രം 14 പേര്‍ മരിച്ചു. 44 പേര്‍ ചികിത്സയിലിരിക്കെയും 54 പേര്‍ ആശുപത്രിയില്‍ എത്തും മുമ്പെയുമാണ് മരിച്ചത്. 333 പേര്‍ ചികിത്സ തേടി.
വിറ്റാമന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനും ചെറുചൂടുള്ള പാനീയങ്ങള്‍ കുടിക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1.9 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ഡല്‍ഹിയിലെ അയാ നഗറില്‍ കുറഞ്ഞ താപനില 2.6 ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ 2.8 ഡിഗ്രി സെല്‍ഷ്യസും പാലത്തില്‍ 5.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ഇരുപതോളം വിമാനങ്ങള്‍ വൈകി. 42 ട്രെയിനുകള്‍ ഒരു മണിക്കൂര്‍ മുതല്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയതായി നോര്‍ത്തേണ്‍ റെയില്‍വേ വക്താവും അറിയിച്ചിട്ടുണ്ട്. നേരിയ കാറ്റും ഉയര്‍ന്ന ഈര്‍പ്പവും തുടരുന്നതിനാല്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ രാവും പകലും മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ശീതതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങള്‍ ശൈത്യകാല അവധി നീട്ടിയിട്ടുണ്ട്. അതേസമയം, തണുപ്പ് പിടിമുറുക്കിയതോടെ ഡല്‍ഹി കശ്മീരി ഗേറ്റില്‍ മാത്രം പത്തോളം നൈറ്റ് ഷെല്‍റ്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ആളുകളുടെ വരവ് അധികമായതോടെ പലയിടത്തും താല്‍ക്കാലിക ടെന്റുകളും സജ്ജമാക്കിയിട്ടുണ്ട്. കശ്മീരി ഗേറ്റില്‍ മാത്രം രണ്ടായിരത്തിലേറെ ആളുകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണു ഡല്‍ഹി അര്‍ബന്‍ ഷെല്‍റ്റര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡ് നല്‍കുന്ന വിവരം. എന്നാല്‍ ഇതിലേറെ ആളുകളുണ്ടെന്നു ഷെല്‍റ്റര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനക്കാര്‍ പറയുന്നു. ഷെല്‍റ്ററില്‍ മൂന്നു നേരവും ഭക്ഷണം നല്‍കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇവിടെ അന്തിയുറങ്ങുന്ന ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്.
നഗരത്തില്‍ പല ജോലിക്കുമായി എത്തുന്നവര്‍. വഴിയോര വില്‍പനക്കാരും തെരുവില്‍ ഭിക്ഷതേടുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ ഈ തണുപ്പില്‍ വീട്ടിലേക്കു മടങ്ങുക പ്രയാസമാണെന്നു പറയുന്നു.