വാഷിങ്ടണ്‍: പ്രകോപനങ്ങള്‍ തുടരുന്ന ഉത്തരകൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സൂചന നല്‍കി. എന്തെങ്കിലും ചെയ്യേണ്ട ഘട്ടത്തിലേക്ക് പ്രശ്‌നം വളര്‍ന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയന്‍ വിഷയത്തില്‍ തനിക്ക് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായ സമീപനവും രീതിയുമാണുള്ളത്. അക്കാര്യത്തില്‍ ഞാന്‍ മറ്റുള്ളവരെക്കാള്‍ ശക്തവും കര്‍ശനവുമായ സ്വഭാവക്കാരനാണ്. പക്ഷെ, എല്ലാവരുടെയും അഭിപ്രായം കേള്‍ക്കും-ട്രംപ് വ്യക്തമാക്കി.
അവസാനം അമേരിക്കക്കും ലോകത്തിനും ശരിയായത് എന്താണോ അത് ഞാന്‍ ചെയ്യും. കാരണം അതൊരു ആഗോള പ്രശ്‌നമാണ്. അമേരിക്കയില്‍ മാത്രം ഒതുങ്ങുന്നതല്ല അതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ കാര്യത്തില്‍ ചിലതൊക്കെ ചെയ്യേണ്ടതുണ്ടെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഉപരോധങ്ങള്‍ ശക്തമാക്കി ഉത്തരകൊറിയയെ അനുരഞ്ജന ചര്‍ച്ചക്ക് നിര്‍ബന്ധിക്കുകയും നയതന്ത്ര പരിഹാരം കാണുകയുമാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ടെഡ് യോഹോ പറഞ്ഞു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി വാക്‌പോരാട്ടം നടത്തുന്ന ട്രംപിന്റെ ഓരോ പ്രസ്താവനകളും ലോകം ആശങ്കയോടെയാണ് കാണുന്നത്. ഫെബ്രുവരിക്കുശേഷം അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ 22 മിസൈല്‍ പരീക്ഷണങ്ങളും ഒരു ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്. രണ്ട് മിസൈലുകള്‍ ജപ്പാനു മുകളിലൂടെയാണ് വിക്ഷേപിച്ചത്.
യുദ്ധത്തിന് തിരികൊളുത്തുന്നത് അമേരിക്കയെന്ന് ഉത്തരകൊറിയ
യുദ്ധത്തിന് തിരികൊളുത്തുന്നത് അമേരിക്ക തന്നെയാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ. എത്ര വലിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചാലും ആണവായുധ പരീക്ഷണം നിര്‍ത്തില്ല. കലഹപ്രിയനും ബുദ്ധിഭ്രമവുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധസാഹചര്യം സൃഷ്ടിക്കുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ചര്‍ച്ചക്ക് തയാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ എന്നും ഹോ പറഞ്ഞു.
ഉത്തരകൊറിയയുടെ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ആണവായുധങ്ങള്‍ അനിവാര്യമാണ്. രാജ്യത്തിന്റെ നിലനില്‍പ്പും വികസനവും അതിനെ ആശ്രയിച്ചാണ് കിടക്കുന്നത്. അമേരിക്കന്‍ ശത്രുതയുടെ ഫലമാണ് യു.എന്‍ ഉപരോധങ്ങളെന്നും ഹോ കുറ്റപ്പെടുത്തി. ഉത്തരകൊറിയക്കെതിരെ ഓരോ ദിവസവും ട്രംപ് ഭീഷണികള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ്. പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ പൂര്‍ണമായും നശിപ്പിക്കുമെന്ന് ട്രംപ് യു.എന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.