പ്യോങ്യാങ്: സിംഗപ്പൂരിലെ ചരിത്രപ്രധാന ഉച്ചകോടിക്ക് മുമ്പ് ആണവ പരീക്ഷണ കേന്ദ്രം തകര്‍ത്ത് ഉത്തരകൊറിയ മുഖം മിനുക്കുന്നു. വിദേശ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഈമാസം 23, 25 തിയ്യതികളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി പുംഗിയേരി ആണവ പരീക്ഷണകേന്ദ്രം തകര്‍ക്കാനാണ്
ഉത്തരകൊറിയന്‍ പദ്ധതി. ജൂണ്‍ 12ന് സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് ആണവയുധനിര്‍വ്യാപനത്തോടുള്ള പ്രതിബദ്ധത തുറന്നുപ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം തകര്‍ക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണകൊറിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ ചടങ്ങിന് സാക്ഷിയാകാന്‍ ക്ഷണിക്കും. പരീക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന മേഖലയിലെ സ്ഥലപരിമിതി കാരണമാണ് പ്രധാന രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായി ക്ഷണം ചുരുക്കിയത്. ആണവ പരീക്ഷണകേന്ദ്രം തകര്‍ക്കുന്ന നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുന്നതെന്ന് ഉത്തരകൊറിയ അറിയിച്ചു. എന്നാല്‍ വിദേശ വിദഗ്ധര്‍ക്ക് പ്രവേശനമുണ്ടാവില്ല. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണം കേന്ദ്രം അടക്കുമെന്ന് ഉന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്തംബറിലെ വന്‍ ആണവപരീക്ഷണത്തെ തുടര്‍ന്നുള്ള ഭൂകമ്പത്തില്‍ പുംഗിയേരി കേന്ദ്രം നേരത്തെ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
2006നുശേഷം ഉത്തരകൊറിയ ആറ് ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ആണവായുധ പദ്ധതി ഉപേക്ഷിക്കുന്ന കാര്യത്തില്‍ ഉത്തരകൊറിയയില്‍നിന്ന് വ്യക്തമായ ഉറപ്പുകള്‍ വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതുപോലുള്ള നീക്കങ്ങളും ഉറപ്പുകളും ഉത്തരകൊറിയയില്‍നിന്ന് കിട്ടുമോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ഉത്തരകൊറിയ മുമ്പും പലതവണ വാക്കുകള്‍ ലംഘിച്ചിട്ടുണ്ട്. 1994ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന് ഉത്തരകൊറിയയുടെ ആണവായുധ കേന്ദ്രം ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. അതോടൊപ്പം അനുരഞ്ജനത്തിന് തയാറായാല്‍ രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കാന്‍ സഹായിക്കാമെന്നും യു.എസ് വാഗ്ദാനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണവായുധ പദ്ധതി മരവിപ്പിക്കാന്‍ ഉത്തരകൊറിയ സമ്മതിച്ചു. ഊര്‍ജക്ഷാമം അനുഭവിക്കുന്ന രാജ്യത്തെ ഇന്ധനം നല്‍കി അമേരിക്ക സഹായിച്ചെങ്കിലും 2002ല്‍ ഉത്തരകൊറിയ കരാര്‍ ലംഘിക്കുയാണുണ്ടായത്. 2007ല്‍ യോങ്ബിയോണ്‍ റിയാക്ടര്‍ അടക്കുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിക്കുകയും തുടര്‍ന്നുള്ള വര്‍ഷം ആണവായുധ പദ്ധതി അവസാനിപ്പിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ കൂളിങ് ടവര്‍ തകര്‍ക്കുകയും ചെയ്തു. 2013ല്‍ യോങ്ബിയോണ്‍ സജീവമാക്കുന്നുവെന്ന വാര്‍ത്തയാണ് ലോകം കേട്ടത്.